അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപയാണ് ഇരുവരും തട്ടിയെടുത്തതെന്ന് കായംകുളം പൊലീസ്.

കായംകുളം: സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നഴ്‌സിംഗിന് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് കരുമാടകത്ത് വീട്ടില്‍ സഹാലുദ്ദീന്‍ അഹമ്മദ് (26), തിരുവല്ലം നെല്ലിയോട് മേലേ നിരപ്പില്‍ കൃഷ്ണ കൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. 

അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയും ഹീരാ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ അഡ്മിഷന്‍ മാനേജരായി ജോലി ചെയ്തിരുന്ന ആളുമാണ് ബീന. പ്രൈവറ്റ് നഴ്‌സിംഗ് അസോസിയേഷന്‍ മെമ്പറായ ഒന്നാം പ്രതിയുടെ സഹായത്തോടെ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പേരില്‍ വ്യാജമായുണ്ടാക്കിയ അലോട്ട്‌മെന്റ് മെമ്മോകളും, സര്‍ക്കുലറുകളും മറ്റും അയച്ചാണ് നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്. സമാന കേസില്‍ മാവേലിക്കരയിലും എറണാകുളം പുത്തന്‍കുരിശ് സ്റ്റേഷനിലും ബീന നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംഘം നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സിഐ മുഹമ്മദ് ഷാഫി, എസ്‌ഐ ശ്രീകുമാര്‍, എഎസ്‌ഐ മാരായ റീന, ജയലക്ഷ്മി, പൊലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

YouTube video player