Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ ഝാർഖണ്ഡിലെത്തി പൊക്കി പൊലീസ്

വീടുവളഞ്ഞ സമയത്ത് ഗ്രാമവാസികളില്‍ ഒരുവിഭാഗം  പ്രതിയെ കൊണ്ടുപോകുന്നത് തടഞ്ഞെങ്കിലും ഝാർഖണ്ഡ് പൊലീസ് കൂടുതൽ സേനയെ വരുത്തി പ്രതിയെ വീടിനുളളിൽ നിന്ന് പിടികൂടുകയായിരുന്നു.

kerala police arrested migrant labour for vizhinjam labour camp murder
Author
First Published Sep 26, 2022, 10:53 AM IST

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിലെ  ലേബർക്യാമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് ഝാർഖണ്ഡിലെ വിട്ടിൽ നിന്ന് അറസ്റ്റുചെയ്തു. ഝാർഖണ്ഡിലെ ബാൽബദ്ധ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസക്കാരനായ   ലഖാന്ത്ര സാഹിൻ(44) ആണ് അറസ്റ്റിലായത്.  ഝാർഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്‌റയെയാണ്(36)  അടിപിടിക്കിടെ കമ്പിപ്പാരകൊണ്ട്  തലയ്ക്കടിയേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 17 ന്  രാത്രിയാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ കന്താ ലൊഹ്‌റയെ  പ്രതിയും ക്യാമ്പിലെ മറ്റൊരു മറുനാടൻ തൊഴിലാളിയായ സുനിലും ആദ്യം പയറുംമൂടുളള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും  ചികിത്സയിലിരിക്കെ പിറ്റേന്ന്  രാവിലെ മരണപ്പെട്ടു. മരണ വിവരമറിഞ്ഞ  പ്രതിയും സുഹ്യത്തും വൈകിട്ടോടെ കേരളം വിട്ടു. പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെറ്റായ മേൽവിലാസം  നൽകിയതിനാൽ  വിഴിഞ്ഞം പൊലീസും  വിവരമറിയാൻ വൈകി. 

പ്രതി നാട്ടിലെത്തിയതായി മനസിലാക്കിയ വിഴിഞ്ഞം  പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഝാർഖണ്ഡിലെത്തി ബാൽബദ്ദ പൊലീസിന്റെ സഹായത്തോടെ  പ്രതിയുടെ വീട് കണ്ടെത്തി. തുടർന്ന് ദ്രുത കർമ്മ സേനയുടെ സഹായത്തോടെ വീടുവളഞ്ഞ സമയത്ത് ഗ്രാമവാസികളില്‍ ഒരുവിഭാഗം  പ്രതിയെ കൊണ്ടുപോകുന്നത് തടഞ്ഞെങ്കിലും ഝാർഖണ്ഡ് പൊലീസ് കൂടുതൽ സേനയെ വരുത്തി പ്രതിയെ വീടിനുളളിൽ നിന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് പ്രതിയെ  വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞത്തെ  എസ്.ഐ.മാരായ ജി.വിനോദ്, ദിനേശ്, സീനിയർ സി.പി.ഒ. ഷിനു, സി.പി.ഒ,മാരായ രാമു, ഷിബു എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ രണ്ട് ദിവസത്തിനുളളിൽ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Read More :  പുനർവിവാഹ പരസ്യത്തിലൂടെ പരിചയം; യുവാവിനെ പറ്റിച്ച് 36 കാരി തട്ടിയത് നാല് ലക്ഷവും 2 സ്മാര്‍ട്ട്ഫോണും

Follow Us:
Download App:
  • android
  • ios