തിരുവനന്തപുരം: സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം, യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് എഎസ്ഐക്ക് എതിരെ പരാതി. കാറിലുണ്ടായിരുന്ന സ്ത്രീകളുടെ പരാതിയിൽ തിരുവനന്തപുരം റൂറൽ എആർ ക്യാംപിലെ എഎസ്ഐ സുഗുണനെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു. 

ആറ്റിങ്ങലിലേക്കു പോവുകയായിരുന്ന കാറിൽ വർക്കലയിൽ നിന്നാണ് ഇദ്ദേഹം ലിഫ്റ്റ് ചോദിച്ച് കയറിയത്. ഈ സമയത്ത് സുഗുണൻ യൂണിഫോമിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

കാർ കല്ലമ്പലം ഭാഗത്തെത്തിയപ്പോഴാണ് എഎസ്ഐയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ കല്ലമ്പലത്ത് ഇറക്കിയ ശേഷം സ്ത്രീകൾ പിങ്ക് പൊലീസിൽ വിവരമറിയിച്ചു. പിന്നീടിവർ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

കല്ലമ്പലം പൊലീസ് ഫോണിൽ വിളിച്ച് ഹാജരാകണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സുഗുണൻ സ്റ്റേഷനിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.