Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ടുപോകൽ പരാതി വ്യാജം; പെൺകുട്ടി കബളിപ്പിച്ചു, കസ്റ്റഡിയിലെടുത്തവരോട് മാപ്പ് പറഞ്ഞ് പൊലീസ്

ഹൈദരാബാദില്‍ ബിരുദവിദ്യാർത്ഥിനിയെ ഓട്ടോഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ നിർണായക വഴിത്തിരിവ്. പരാതി വ്യാജമാണെന്നും പെൺകുട്ടി പോലീസിനെ കബളിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

Kidnapping complaint false The girl cheated and the police apologized to the detainees
Author
Hyderabad, First Published Feb 14, 2021, 12:03 AM IST

ഹൈദരാബാദ്: ഹൈദരാബാദില്‍ ബിരുദവിദ്യാർത്ഥിനിയെ ഓട്ടോഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ നിർണായക വഴിത്തിരിവ്. പരാതി വ്യാജമാണെന്നും പെൺകുട്ടി പോലീസിനെ കബളിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വീടുവിട്ടുപോകാനായി പെൺകുട്ടി മെനഞ്ഞ കഥയായിരുന്നു എല്ലാമെന്നും , കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിഞ്ഞവരോട് മാപ്പ് ചോദിച്ചതായും രാച്കൊണ്ട പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈദരാബാദ് കേസര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വച്ച് ബുധനാഴ്ച വൈകീട്ടാണ് 19-കാരിയായ പെൺകുട്ടിയെ കാണാതായത്. വൈകീട്ട് ആറരയോടെ പെൺകുട്ടി ഫോണില്‍ വിളിച്ച് തന്നെ ചിലർ തട്ടിക്കൊണ്ടുപോവുകയാണെന്ന് ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. മൊബൈല്‍ഫോൺ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗടകസറില്‍ വിജനമായ സ്ഥലത്ത് പെൺകുട്ടിയെ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തി. 

മണിക്കൂറുകൾക്കകം പെൺകുട്ടിയെ രക്ഷപ്പെടുത്തിയ രാച്കൊണ്ട പൊലീസിന്‍റെ ജാഗ്രതയും വാർത്തകളില്‍ നിറഞ്ഞു. പെൺകുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നേദിവസം പെൺകുട്ടി കയറിയ ഓട്ടോയുടെ ഡ്രൈവറെയും കൂട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ബലാല്‍സംഗകുറ്റമടക്കം പ്രതികൾക്കെതിരെ ചുമത്തുകയും ചെയ്തു.

എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ കാര്യങ്ങൾ മാറിമറി‍ഞ്ഞു. കുടുംബവഴക്കിനെ തുടർന്ന് വീട്ടില്‍നിന്നും മാറി നില്‍ക്കുന്നതിനുവേണ്ടിയും, ഓട്ടോ ഡ്രൈവറുമായി നേരത്തെ തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് യുവാവിനെ കേസില്‍ കുടുക്കുന്നതിനായും പെൺകുട്ടി പൊലീസിനെയും നാട്ടുകാരെയും ഒന്നടങ്കം കബളിപ്പിക്കുകയായിരുന്നെന്ന് വ്യക്തമായി.

 ശേഷം ചോദ്യം ചെയ്യലില്‍ പെൺകുട്ടിയും സത്യം തുറന്ന് പറഞ്ഞു. പ്രദേശത്തെ 100 സിസിടിവി ക്യാമറകൾ പരിശോധിച്ചതില്‍നിന്നും പെൺകുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്നും രാച്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് മാധ്യമങ്ങളോട് പറഞ്ഞു. 

തുടർന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട പ്രദേശത്തുകാരോടും ഓട്ടോ ഡ്രൈവർമാരോടും ഉദ്യോഗസ്ഥർ മാപ്പ് ചോദിച്ചു. കേസന്വേഷണം അവസാനിപ്പിച്ചെന്നും അറിയിച്ചു. പെൺകുട്ടിക്തെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios