കൊച്ചി: തൃശൂര്‍ മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരിൽ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മരട് സ്വദേശിയായ ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്‍റെ നമ്പറും പൊലീസിന് ലഭിച്ചു.

സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിന്‍റെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു. 

അതേ സമയം തന്നെയാണ് ഗോപികയുടെ പിതാവ് ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.പക്ഷേ, പരാതിയിൽ സഫറിന്‍റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.  

മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.

വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ തോട്ടം.

സഫർ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ വിനോദ് പറഞ്ഞു. പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിനോദ് പറഞ്ഞു. താക്കീത് ചെയ്തപ്പോൾ ശല്യം ചെയ്യില്ലെന്ന് സഫർ ഉറപ്പ് നൽകിയതാണ് എന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

 സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് കുട്ടി അറിയിച്ചതിനാല്‍ കൊല്ലുകയായിരുന്നെന്നാണ് സഫറിന്‍റെ മൊഴി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഒരു സഹോദരിയുണ്ട്. കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫര്‍ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. കൊല്ലാനുളള കത്തിയടക്കം വാങ്ങിയാണ് സഫര്‍ കൊച്ചിയില്‍ നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു.