Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ സ്വ‍ർണക്കവർച്ച കൃത്യമായ ആസൂത്രണത്തോടെ: സ്വർണത്തിന്‍റെ ഉറവിടവും പരിശോധിക്കുമെന്ന് പൊലീസ്

എറണാകുളത്തേക്ക് സ്വർണം കൊണ്ടുപോകുന്നുണ്ടെന്ന് മോഷ്ടാക്കൾ കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നും ജ്വല്ലറിയുമായോ സിആർജി മെറ്റൽസുമായോ ബന്ധമുള്ള ആരെങ്കിലുമാണോ ഈ വിവരം മോഷ്ടാക്കൾക്ക് കൈമാറിയതെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

kochi gold robbery was a planned one says police
Author
Kochi, First Published May 10, 2019, 11:05 AM IST

കൊച്ചി: ആലുവ ഇടയാറിലെ സ്വർക്കവർച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്വകാര്യ ജ്വല്ലറിയിലെ സ്വർണവുമായി ശുദ്ധീകരണശാലയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കൾ കൃത്യമായി പിന്തുടർന്നിരുന്നു എതാനും ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാകാം മോഷണം നടത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ സ്വർണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരെയും ജ്വല്ലറി ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ അർദ്ധരാത്രിയിലാണ് കൊച്ചിയെ ഞെട്ടിച്ച കവർച്ച നടന്നത്.  എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാർ മാർഗം ആലുവ ഇടയാറിലെ സിആ‌ർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം  കവരുകയായിരുന്നു.

സ്വർണക്കമ്പനിയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കൾ കൃത്യമായി പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വർണവുമായി പുറപ്പെട്ട കാറിനെ ബൈക്കിൽ പിന്തുടർന്ന മോഷ്ടാക്കൾ വാഹനം സിആർജി മെറ്റൽസിലെത്തുന്നതിന് തൊട്ടുമുമ്പ് കാറിനെ മറികടക്കുകയും കുറുകെ നിർത്തുകയും ചെയ്തു. ശേഷം കാറിന്‍റെ ചില്ലുകൾ തക‍ർത്ത കവർച്ചാ സംഘം കാറിലുണ്ടായിരുന്നവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ഞൊടിയിടയിൽ സ്വർണം അടങ്ങിയ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കവർച്ചക്കിരയായവരുടെ മൊഴി.

എറണാകുളത്തെക്ക് സ്വർണം കൊണ്ടുപോകുന്നുണ്ടെന്ന് മോഷ്ടാക്കൾ കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നും ജ്വല്ലറിയുമായോ സിആർജി മെറ്റൽസുമായോ ബന്ധമുള്ള ആരെങ്കിലുമാണോ ഈ വിവരം മോഷ്ടാക്കൾക്ക് കൈമാറിയതെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.  

ജ്വല്ലറിയിലെയും സിആർജി മെറ്റൽസിലെയും എല്ലാ ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇന്നലെ അ‌ർദ്ധരാത്രിയും ഇന്ന് രാവിലെയുമായി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്കുവരികയാണ്. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിന്‍റെ ഉറവിടവും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു
 

Follow Us:
Download App:
  • android
  • ios