കൊടകര കുഴൽപണ കവർച്ചാ കേസിലെ പ്രതികൾ പിടിയിലായെങ്കിലും, പണത്തിന്‍റെ ഉറവിടവും, എന്തിനു വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കണ്ടെത്തേണ്ടത്. 

തൃശ്ശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ തൃശ്ശുർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. റിമാൻഡിലുളള പ്രതികളെ ചോദ്യം ചെയ്യാനുളള നടപടികളും അടുത്ത ദിവസം തന്നെ തുടങ്ങും. കുഴൽ പണ കവർച്ചയോടൊപ്പം കേസിലെ അന്തർസംസ്ഥാന ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളും സംഘം അന്വേഷിക്കും. തൃശൂർ റേഞ്ച് ഡി ഐ ജി എ അക്ബറിന്റെ മേൽനോട്ട ചുമതലയിലാണ് പ്രത്യേക സംഘം

കൊടകര കുഴൽപണ കവർച്ചാ കേസിലെ പ്രതികൾ പിടിയിലായെങ്കിലും, പണത്തിന്‍റെ ഉറവിടവും, എന്തിനു വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കണ്ടെത്തേണ്ടത്. ഇതിന് വേണ്ടിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. ക്രെംബ്രാഞ്ച് എസ് പി സോജൻ ജോസും ക്രൈംബ്രാഞ്ച് അഡീഷണൽ എസ് പി ബിജിമോനും ഉൾപ്പെടെ ഏഴ് പേരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. 

ഡി വൈ എസ് പി വി കെ രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 25 ലക്ഷം രൂപയും വാഹനവും നഷ്ടപ്പെട്ടു എന്നാണ് പരാതി എങ്കിലും മൂന്നരക്കോടി രൂപയാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പണമാണോ തെരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിൽ എത്തിച്ചതാണോ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇതേ രീതിയിൽ പണം എത്തിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രത്യേക സംഘത്തിന്റെ ലക്ഷ്യം. 

പണം നൽകിയ ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ മൂന്നരക്കോടി നഷ്ടപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. ഇത് യുവ മോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക് നൽകിയതാണെന്നും ധർമരാജൻ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികൾ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം , ഇരുവരേയും ചോദ്യം ചെയ്യും. ഇരുവരും പണത്തിന്റ ഉറവിടം വ്യക്തമാക്കിയിട്ടില്ല. 

ഡിഐജിയുടെ നേതൃത്വത്തിൽ ഇന്ന് യോഗത്തിൽ കേസിന്റ വിശദാംശങ്ങളും രേഖകളും പഴയ അന്വേഷണ സംഘം പ്രത്യേക സംഘത്തിന് കൈമാറി. അപകടമുണ്ടാക്കി പണം കവർന്ന കൊടകര മേൽപ്പാലം പരിസരം, സംഘം തൃശ്ശൂരിൽ തങ്ങിയ ലോഡ്ജ് എന്നിവ അടുത്ത ദിവസം തന്നെ അന്വേഷണ സംഘം സന്ദർശിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona