കോഴിക്കോട്: ജയിലിലിരുന്നും ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ക്വട്ടേഷൻ തുടരുന്നുവെന്നതിൽ കൂടുതൽ ആരോപണങ്ങൾ പുറത്ത്. മെയ് 23-ന് കൊടി സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി, കൊടുവള്ളി നഗരസഭാ കൗൺസിലറും ഖത്തറിൽ സ്വർണ വ്യാപാരിയുമായ കോയിശ്ശേരി മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകും. സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മജീദിന്‍റെ ഭാര്യ ഇന്ന് താമരശ്ശേരി ഡിവൈഎസ്‍പിക്കും പരാതി നൽകുന്നുണ്ട്.

കഴിഞ്ഞ മാസം 23-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറിൽ തന്‍റെ ഏജന്‍റ് കൊണ്ടുവരുന്ന സ്വർണം രേഖകളില്ലാതെ വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. സെൻട്രൽ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വീട്ടിൽ കയറി ആക്രമിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി മജീദ് പറഞ്ഞു. ഉടൻ നാട്ടിലെത്തുമെന്നും സംഭവത്തെക്കുറിച്ച് ഡിജിപിക്ക് നേരിട്ട് പരാതി നൽകുമെന്നും മജീദ് അറിയിച്ചു.