കൊല്ലം: ആയൂര്‍ ദിവാകരന്‍ നായര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളുമായി പൊലീസിന്‍റെ തെളിവെടുപ്പ്. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘം കൊല്ലം ഇളമാടാണ് തെളിവെടുപ്പ് നടത്തിയത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഐഎന്‍ടിയുസി പ്രാദേശിക നേതാവു കൂടിയായ ദിവാകരന്‍റെ കൊലപാതകം.

കൊലപാതക കേസിലെ പ്രധാന പ്രതികളും കൊല്ലപ്പെട്ട ദിവാകരന്‍ നായരുടെ ബന്ധുക്കളുമായ അനില്‍കുമാര്‍,രാജേഷ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കൊല്ലം ഇളമാട്ട് തെളിവെടുപ്പിനായി എത്തിച്ചത്. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു അനില്‍കുമാറിന്‍റെയും രാജേഷിന്‍റെയും നേതൃത്വത്തിലുളള സംഘം ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി കൊന്നത്. 

തര്‍ക്കം നിലനില്‍ക്കുന്ന വസ്തുവിന്‍റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊല്ലപ്പെട്ട ദിവാകരന്‍ നായരുടെ ഭാര്യയില്‍ നിന്നും മകനില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.ദിവാകരന്‍ നായരും അനുജന്‍ മധുസൂദനന്‍ നായരും തമ്മിലായിരുന്നു വസ്തു തര്‍ക്കം. തര്‍ക്ക സ്ഥലം അളന്നു തിരിച്ച് വില്‍ക്കാന്‍ മധുസൂദനന്‍ നായര്‍ ശ്രമിച്ചിരുന്നെങ്കിലും ദിവാകരന്‍ നായര്‍ എതിര്‍ക്കുകയായിരുന്നു. 

തുടര്‍ന്നാണ് മധുസൂദനന്‍ നായരുടെ മരുമകളുടെ പിതാവ് അനില്‍കുമാറും സംഘവും സംഭവത്തില്‍ ഇടപെട്ടതും തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കൊലപാതകത്തിലേക്ക് നീണ്ടതും. കൊച്ചിയിലേക്ക് ദിവാകരന്‍ നായരെ വിളിച്ചു വരുത്തിയ പ്രതികള്‍ കൊലപാതകത്തിനു ശേഷം ബ്രഹ്മപുരത്തിന് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഇന്‍സ്പെക്ടര്‍ എ.പ്രസാദ്,ചടയമംഗലം ഇന്‍സ്പെക്ടര്‍ വി.എസ്.പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.