Asianet News MalayalamAsianet News Malayalam

'സംഭവ ദിവസം പാപ്പച്ചനെ അനൂപ് വിളിച്ച് വരുത്തി, വരുന്ന വഴിക്ക് കാർ കൊണ്ട് ഇടിപ്പിച്ചു'; വിശദീകരിച്ച് പൊലീസ്

റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ പാപ്പച്ചന്‍റെ പേരിലുള്ള നിക്ഷേപം തട്ടിയെടുക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ യുവതി കൊലപാതകത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലീസ്. 

kollam pappachan murder case latest update police says young woman give quotation to kill old man for get his deposit money
Author
First Published Aug 8, 2024, 2:16 PM IST | Last Updated Aug 8, 2024, 2:17 PM IST

കൊല്ലം: കൊല്ലം ആശ്രാമത്ത് സൈക്കിൾ യാത്രികനായ വയോധികൻ കാർ തട്ടി മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻ്റ് അനൂപ് എന്നിവരടക്കം 5 പേർ അറസ്റ്റിലായി. അനിമോൻ അമിത വേഗത്തിൽ കാർ ഓടിച്ച് വന്ന് പാപ്പച്ചനെ ഇടിക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് കൊട്ടേഷൻ നൽകിയത് സരിതയാണെന്നും പൊലീസ് പറയുന്നു. പണം തട്ടി എടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്നും പൊലീസ് കണ്ടെത്തി.  

റോഡിലൂടെ സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചൻ കാറിടിച്ച് മരിച്ചത്. അപകട മരണമെന്ന് എഴുതി തള്ളുമായിരുന്ന സംഭവത്തിൽ പാപ്പച്ചൻ്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ പാപ്പച്ചന്‍റെ പേരിലുള്ള 80 ലക്ഷത്തോളം രൂപയുടെ നിക്ഷേപം തട്ടിയെടുക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ യുവതി കൊലപാതകത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 50 ലക്ഷം രൂപ പ്രതികൾ പലപ്പോഴായി തട്ടിയെടുത്തുവെന്നും പൊലീസ് പറയുന്നു. ക്വട്ടേഷൻ ഏറ്റെടുത്ത സ്ഥിരം കുറ്റവാളി അനിമോൻ പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം അനൂപാണ് പാപ്പച്ചനെ വിളിച്ച് വരുത്തിയത്. വരുന്ന വഴിക്കാണ് കാർ കൊണ്ട് ഇടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണം. മാഹീൻ എന്ന പ്രതി പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് വൈകിപ്പിച്ചുവെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പാപ്പച്ചൻ്റെ അക്കൗണ്ടിൽ നിന്നാണ് അനിമോന് ക്വട്ടേഷനുള്ള പണം നൽകിയത്. പ്രതികളുടെയും പാപ്പച്ചൻ്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിൽ നിർണായകമായി. ബ്രാഞ്ച് മാനേജരായ സരിതയും അക്കൗണ്ടൻ് അനൂപും ചേർന്നാണ് എല്ലാം ആസൂത്രണം ചെയ്തത്. സരിത, അനൂപ്, ക്വട്ടേഷനെടുത്ത അനിമോൻ, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios