പുതുപ്പാടി സഹകരണ ബാങ്കിൽ ജോൺസൺ പണയം വെച്ചിരുന്ന സ്വർണം സിലിയുടേത് സ്വർണ്ണം ജോളി നിർബന്ധിച്ച് ഏൽപ്പിച്ചതാണെന്നാണ് ജോൺസന്റെ മൊഴി

കോഴിക്കോട്: കൂടത്തായിയിൽ കൊല്ലപ്പെട്ട സിലിയുടെ സ്വർണ്ണമാണ് ജോളി ജോൺസണ് നൽകിയതെന്ന് കണ്ടെത്തി. പുതുപ്പാടി സഹകരണ ബാങ്കിൽ ജോൺസൺ പണയം വെച്ചിരുന്ന സ്വർണം സിലിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. എന്നാൽ സ്വർണ്ണം ജോളി നിർബന്ധിച്ച് ഏൽപ്പിച്ചതാണെന്നാണ് ജോൺസന്റെ മൊഴി. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കൂടത്തായിയിൽ സിലിയുടെ മകൾ ആൽഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ അറസ്റ്റ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആൽഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്.

കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ, ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ജോളിയെ കോടതിയിൽ ഹാജരാക്കും. ജോളിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യും.

സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കേസിൽ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോൺസണെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. ജോളിയുടെ കാറിന്‍റെ രഹസ്യ അറയിൽ നിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.