Asianet News MalayalamAsianet News Malayalam

സങ്കടമൊടുങ്ങുന്നില്ല; മാനസയുടെ കൊലയ്ക്ക് പിന്നാലെ മനംനൊന്ത് വിനീഷിന്‍റെ ആത്മഹത്യ, ഹൃദയം തകര്‍ന്ന് നാട്

മാനസയ്ക്ക് യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിലാണ്, മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന അരും കൊലയുടെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല കേരളക്കര.
 

Kothamangalam manasa murder tragic end
Author
Kannur, First Published Aug 1, 2021, 11:07 PM IST
  • Facebook
  • Twitter
  • Whatsapp

കണ്ണൂര്‍: നാറാത്ത് രണ്ടാം മൈലിലെ പാർവണ വീട്ടിൽ നെഞ്ചുപൊടിയുന്ന സങ്കടം തളംകെട്ടിക്കിടക്കുകയാണ്. നാറാത്ത് ഗ്രാമത്തിലാകെ നൊമ്പരമായി മാനസയുടെ മരണം നിറച്ച വേദന കത്തിയമരുന്നു. കൊവിഡ് നിയന്ത്രണമുണ്ടായിട്ടും മാനസയെ ദൂരെ നിന്ന് ഒരു നോക്ക് കാണാനായി പ്രദേശത്തുള്ളവരൊക്കെ പാര്‍വണ വീടിനടുത്തെത്തിയിരുന്നു.  മാനസയെ യാത്രയാക്കിയെങ്കിലും അച്ഛന്‍ മാധവനും അമ്മ സബിതയും മകളെയോര്‍ത്ത് വിതുമ്പുകയാണ്. ദുഖം കടിച്ചമർത്തി അനുജൻ അശ്വന്തും ചേച്ചിയെ കാത്തെന്നവണ്ണം ഉമ്മറത്തുതന്നെ ഇരിക്കുകയാണ്.

കോതമംഗലത്തു നിന്ന് മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ നിന്ന് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതും വേദനയുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് കണ്ണീരില്‍ നിന്നും മടങ്ങവേ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്കും അപകടത്തില്‍ പരിക്കേറ്റു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. 

മാനസയ്ക്ക് യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിലാണ്  മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ജീവനൊടുക്കിയത്. ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് വിനീഷ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന അരും കൊലയുടെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തി ആത്മഹത്യയും നടക്കുന്നത്. 

Read More: മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാ‍ർഥിനിയായ മാനസയുടെ ജീവന്‍ രഖില്‍ എന്ന യുവാവ് തന്‍റെ തോക്കിന്‍മുനയില്‍ അവസാനിച്ചപ്പോള്‍ തകര്‍ന്നത് ഒരു കുടുംബം മാത്രമല്ല, മാനസമാര്‍ വളര്‍ന്നുവരുന്ന നിരവധി കുടുംബങ്ങളാണ്.  കണ്ണൂർ സ്വദേശികളായ മാനസയും രഖിലും ദീർഘകാലം അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നു. ഈ സൗഹൃദം തകർന്നതോടെ രഖിലുനുള്ളില്‍ വളര്‍ന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

Kothamangalam manasa murder tragic end

കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ രഖിലിനെ കുറിച്ച് നിഗൂഢത നിറഞ്ഞ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മാനസയുമായി അകന്ന ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. മാനസയെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് കുടുംബം രഖിലിനെതിരെ പൊലീസില്‍‌ പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയതോടെ മാനസയെ ഒരുതരത്തിലും ശല്യം ചെയ്യരുതെന്ന് പൊലീസ് ശക്തമായ താക്കീത് നല്‍കി. ഇതോടെ രഖില്‍ പ്രതികാര ദാഹിയായി മാറുകയായിരുന്നു.

Read More: തോക്ക് കിട്ടാൻ ബിഹാർ ഗ്രാമങ്ങളിൽ അലഞ്ഞ് രഖിൽ, കേരളാ പൊലീസ് ബിഹാറിലേക്ക്

പൊലീസ് ഇടപെട്ടതോടെ രഖില്‍ മാനസയെ ആക്രമിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിതുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഈ സംഭവത്തിന് ശേഷം രഖില്‍ നടത്തിയ ബിഹാര്‍ യാത്രയുടെ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. രഖില്‍ തോക്കു വാങ്ങിയത് ബിഹാറില്‍ നിന്നാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  ഇതെല്ലാം രഖിലിന് മാനസയോടുള്ള പകയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. 

ഇന്‍റീരിയർ ഡിസൈനറായ രഖിൽ ഒരു മാസം മുമ്പേ തന്നെ നെല്ലിമറ്റത്ത് മാനസ പഠിക്കുന്ന കോളേജിനടുത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഇയാൾ തുടർച്ചയായി ഇവിടെ നിന്ന് മാനസയെ നിരീക്ഷിക്കാറുണ്ടായിരുന്നു എന്നാണ് ലോഡ്ജുടമ തന്നെ പറയുന്നത്. കോളേജിന് തൊട്ടടുത്തുളള താമസസ്ഥലത്ത് കൂട്ടുകാരിയുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് രഖിലെത്തി മാനസയെ പിടിച്ച് വലിച്ച് തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി വെടിയുതിര്‍ക്കുന്നത്. തുടര്‍ന്ന് രഖിലും സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.  

Kothamangalam manasa murder tragic end

Read More: മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച് തിരികെ പോകവേ ആംബുലൻസ് അപകടത്തിൽ പെട്ടു

രഖില്‍ മരിച്ചെങ്കിലും ബിഹാറിൽ നിന്ന് തോക്ക് കിട്ടിയ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്. ബിഹാറിലെ തോക്കുകളുണ്ടാക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.  കൊലപാതകം ആസൂത്രണം ചെയ്യാൻ രഖിലിന് കൂട്ടുകാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കം അന്വേഷണിക്കുകയാണ് പൊലീസ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios