Asianet News MalayalamAsianet News Malayalam

'തോക്ക് ചൂണ്ടി ഭീഷണി, ബാറുകളിലെത്തി മദ്യപാനം, 6 ലക്ഷം കൈമാറിയത് യുവതിക്ക്'; 19കാരനെ ബന്ദിയാക്കിയയാൾ പിടിയിൽ

'ആദ്യമൊരു ബാറിലെത്തി മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. ഈ സമയത്തെല്ലാം ബിനുവിന്റെ അരയില്‍ തോക്ക് ഉണ്ടായിരുന്നു. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരു ബാറിലെത്തി വീണ്ടും മദ്യപിച്ചു.'

kozhikode guest worker kidnapped case youth arrested
Author
First Published May 4, 2024, 3:57 PM IST

കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അതിഥി തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. നിലമ്പൂര്‍ തണ്ടുപാറക്കല്‍ ബിനു എന്നയാളെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയും താമരശേരി പി.സി മുക്കിലെ താമസക്കാരനുമായ നാജ്മി ആലം എന്ന 19കാരനെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ബന്ദിയാക്കിയ സംഭവത്തിലാണ് അറസ്റ്റ്. 

പരാതിയില്‍ പറയുന്നത് ഇങ്ങനെ: ''കഴിഞ്ഞദിവസം രാവിലെ 7.30ഓടെയാണ് നാജ്മിയെ ബിനു തന്റെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചത്. എന്നാല്‍ പിന്നീട് ഇയാളുടെ ഭാവം മാറി. കൈവശമുണ്ടായിരുന്ന തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നാജ്മിയോട് ബൈക്കില്‍ തന്റെ കൂടെ വരാന്‍ ബിനു നിര്‍ബന്ധിച്ചു. തുടര്‍ന്ന് താമരശേരി - മുക്കം റോഡിലൂടെ ഇയാളുമായി ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിര്‍ത്തി. തിരികെ എത്തിയപ്പോള്‍ ഒരു കവറില്‍ ആറ് ലക്ഷത്തില്‍ അധികം രൂപയുണ്ടായിരുന്നു. ഈ തുക നാജ്മിയുടെ കൈവശം ഏല്‍പ്പിച്ചു. അവിടെ നിന്ന് വീണ്ടും ഒരു മണിക്കൂറോളം യാത്ര ചെയ്ത ശേഷം തുക ഒരു യുവതിയെ ഏല്‍പ്പിച്ചു. പിന്നീട് ഒരു ബാറിലെത്തി മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. ഈ സമയത്തെല്ലാം ബിനുവിന്റെ അരയില്‍ തോക്ക് ഉണ്ടായിരുന്നു.'' 

''ഇവിടെ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരു ബാറിലെത്തി വീണ്ടും മദ്യപിച്ചു. ഇവിടെ നിന്ന് രണ്ടു കുപ്പി മദ്യം വാങ്ങി താമരശേരി പള്ളിപ്പുറത്തുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തി. അവിടെ വച്ച് വീണ്ടും തോക്ക് ചൂണ്ടി കിഡ്നാപ്പ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞു. ശേഷം തന്റെ ഫോണില്‍ നിന്ന് നാജ്മിയുടെ സുഹൃത്തിനെ വിളിപ്പിച്ചു. താന്‍ തിരിച്ചെത്തില്ലെന്ന് തന്നെ കൊണ്ട് പറയിപ്പിച്ചതായും നാജ്മി പറഞ്ഞു. പിന്നീട് കൈയും മുഖവും കെട്ടി റൂമില്‍ നിലത്തിട്ടു. ഇതിനിടെ നാജ്മി ഫോണില്‍ ലൊക്കേഷന്‍ മാപ്പ് കാല്‍ വിരല്‍ ഉപയോഗിച്ച് സുഹൃത്തിന് അയച്ചു കൊടുത്ത് സംഭവം അറിയിക്കുകയായിരുന്നു.''

വിവരം അറിഞ്ഞ് സുഹൃത്തുക്കള്‍ ഉടനെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശേരി പൊലീസ് എത്തിയാണ് നാജ്മിയെ മോചിപ്പിച്ചത്. ഇതേ ക്വാര്‍ട്ടേഴ്സില്‍ നിന്ന് തന്നെ ബിനുവിനെ പിടികൂടുകയും ചെയ്തു. താമരശേരി ഇന്‍സ്പെക്ടര്‍ ഒ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്വാര്‍ട്ടേഴ്സില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.

ഇത് കേരളമായി പോയില്ലേ, സ്മാര്‍ട്ട് ആകാതെ പറ്റുവോ! ലോകമാകെ ശ്രദ്ധിക്കുന്ന പദ്ധതി, വമ്പൻ ലക്ഷ്യവുമായി സർക്കാർ
 

Follow Us:
Download App:
  • android
  • ios