Asianet News MalayalamAsianet News Malayalam

സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവം, യുവതിയെയും കുട്ടികളെയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി

തിരികെയെത്തിയ 24 കാരിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

kozhikode native women file police complaint against her husband dowry harassment
Author
First Published Dec 30, 2022, 9:33 AM IST

കോഴിക്കോട് : പൂളക്കടവില്‍, സ്ത്രീധനം കിട്ടിയില്ലെന്ന പേരില്‍ യുവതിയെയും കുട്ടികളെയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. തിരികെയെത്തിയ 24 കാരിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയപ്പോഴായിരുന്നു മാനന്തവാടി സ്വദേശിയായ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയുമായി പരിചയപ്പെട്ടതും പിന്നീട് വിവാഹം കഴിച്ചതും. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായി സൈഫുന്നീസ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് സൈഫുന്നീസയേയും രണ്ടും നാലരയും വയസുള്ള കുട്ടികളേയും ഓട്ടോറിക്ഷയിൽ കൊണ്ടു പോയ ശേഷം വൈത്തിരിയില്‍ വെച്ച് ഇറക്കി വിട്ടതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പമെത്തി കോഴിക്കോട് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. വസ്ത്രങ്ങളും മറ്റും എടുക്കാനായി പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പാഴായിരുന്നു ഭര്‍താവിന്‍റെ സഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ആദ്യം പരാതി നല്‍കിയപ്പോള്‍ മുതല്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് തണുപ്പന്‍ സമീപനമായിരുന്നെന്ന് സൈഫുന്നീസ ആരോപിച്ചു. പൊലീസിന്‍റെ വാക്ക് വിശ്വസിച്ച് പോയപ്പോഴാണ് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റതെന്നും എന്നിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മുമ്പും ഗാര്‍ഹിക പീഡനത്തിന് സൈഫുന്നീസ പരാതി നല്‍കിയിരുന്നെന്നും ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വന്നതിനാലാണ് കേസ് എടുക്കാന്‍ വൈകിയതെന്നും ചേവായൂര്‍ പൊലീസ് അറിയിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios