കൊച്ചി: ആലുവയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്സിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്തതവരൂ എന്ന് പൊലീസ് അറിയിച്ചു.

ആലുവ പറവൂർ കവലയിലുളള   വിഐപി ലെയിനിലെ വാടക വീട്ടിൽ ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് ഇവർ സമീപവാസികളെ അറിയിച്ചു. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് യുവതി ഇവിടെ താമസത്തിനെത്തിയതെന്ന് പറയപ്പെടുന്നു. യുവതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനം താമസത്തിനായി എടുത്തു നൽകിയ വീടാണിത്. 

എന്നാൽ യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ജോയ്സി കഴിഞ്ഞദിവസം  വീട്ടിലേക്ക് വിളിച്ചിരുന്നെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉളള കാര്യം പറഞ്ഞിരുന്നില്ലെന്നുമാണ് ഇവർ പറയുന്നത്.  

പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ പെൺകുട്ടി ജോലിക്ക് കയറിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഫോൺ കോൾ വിശദാംശങ്ങൾ അടക്കമുളളവ പൊലീസ് പരിശോധിക്കുന്നുണ്ട്.