കാറ്റിന്റെ വേഗതയും വിമാനത്താവളത്തിലെ റൺവേയുടെ നീളക്കുറവുമാണ് ഈ അസാധാരണ നടപടിക്ക് കാരണമായത്.
ലണ്ടൻ:റൺവേയുടെ നീളക്കുറവും കാറ്റിന്റെ വേഗതയും വെല്ലുവിളിയായി, ടേക്ക് ഓഫിന് മുൻപായി ഭാരം കുറക്കാൻ യാത്രക്കാരെ ഇറക്കിവിട്ട് വിമാനക്കമ്പനി. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിൽ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഈസി ജെറ്റ് വിമാനത്തിലെ യാത്രക്കാർക്കാണ് അവസാന നിമിഷം യാത്ര ഒഴിവാക്കേണ്ടി വന്നത്. ഏപ്രിൽ 11നാണ് സംഭവം. വിമാനത്തിന് ഭാരം കൂടുതലായതിനാൽ സുരക്ഷിതമായി പറന്നുയരാൻ കഴിയില്ലെന്ന് കണ്ടതോടെയാണ് പൈലറ്റ് യാത്രക്കാരോട് അവസാന നിമിഷം ഇറങ്ങാൻ ആവശ്യപ്പെട്ടത്. കാറ്റിന്റെ വേഗതയും വിമാനത്താവളത്തിലെ റൺവേയുടെ നീളക്കുറവുമാണ് ഈ അസാധാരണ നടപടിക്ക് കാരണമായത്.
ഈ സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി പറന്നുയരണമെങ്കിൽ ഭാരം കുറയ്ക്കണമെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചില യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അധികൃതർ ആവശ്യപ്പെട്ടു. സ്വമേധയാ യാത്രക്കാരിൽ ചിലർ ഇറങ്ങി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആരും സഹകരിച്ചിരുന്നില്ല. പിന്നാലെ ലഗേജ് പുറത്തിറക്കി ഭാരം കുറയ്ക്കേണ്ടി വരമെന്ന് പൈലറ്റ് വ്യക്തമാക്കിയതോടെയാണ് കുറച്ച് യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ തയ്യാറായി മുന്നോട്ട് വന്നത്. 1856 മീറ്റർ മാത്രമായിരുന്നു സതെൻഡിലെ റൺവേയുടെ നീളം.
സ്വമേധയാ ഇറങ്ങാൻ തയ്യാറായവർക്ക് പകരമായി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യവും നഷ്ടപരിഹാരവും നൽകുമെന്ന് എയർലൈൻ അറിയിച്ചു. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കാലാവസ്ഥാ സാഹചര്യങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഈസിജെറ്റ് വക്താവ് വ്യക്തമാക്കി. ഇതിനു മുൻപും സമാനമായ രീതിയിൽ ഭാരം കുറയ്ക്കുന്നതിനായി യാത്രക്കാരോട് വിമാനത്തിൽ നിന്നും ഇറങ്ങാൻ അധികൃതർ ആവശ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.


