തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അവസാന പ്രതിയെയും പിടികൂടി. ഷാർജയിലായിരുന്ന സനു രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് സിബിഐ പിടികൂടിയത്. അഞ്ചു വർഷമായി സനുരാജ് വിദേശത്തായിരുന്നു. പ്രതിയെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പ്രതിയെ പിടികൂടിയത്. മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത് 2012 ഫെബ്രുവരി 12-നാണ്. താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും ലോക്കൽ പൊലീസ് പ്രധാന പ്രതിയാക്കിയ അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. 

ഇതോടെയാണ് കേസില്‍ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങിയത്.  2016ൽ കേസ് സിബിഐ എറ്റെടുത്തു. ലോക്കല്‍ കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്പോള്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തുമാസ്റ്റർ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗങ്ങൾ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പിടിയിലായി. രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് പ്രദേശത്ത് ഹര്‍ത്താല്‍ നടത്തി സിപിഎം പ്രതിഷേധിച്ചുവെങ്കിലും സിബിഐ മുന്നോട്ട് പോവുകയായിരുന്നു. ഒന്നാം പ്രതിയടക്കമുള്ള പലരെയും സിബിഐ മാപ്പുസാക്ഷിയാക്കി.

പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഡിവൈഎസ്പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.