ലൈംഗികമായി (Rape)പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പ് (Suicide note)എഴുതിവച്ച ശേഷമായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. ചെന്നൈ പൂനമല്ലിയിലാണ് ദാരുണമായ സംഭവം.

ചെന്നൈ: ലൈംഗികമായി (Rape)പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പ് (Suicide note)എഴുതിവച്ച ശേഷമായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. ചെന്നൈ പൂനമല്ലിയിലാണ് ദാരുണമായ സംഭവം. ലൈംഗിക പീഡനത്തിന് പിന്നാലെ നേരിടേണ്ടി വന്ന ഒറ്റപ്പെടലും മാനസിക സംഘർഷവും ചൂണ്ടിക്കാട്ടിയാണ് 17കാരിയുടെ ആത്മഹത്യാക്കുറിപ്പ്. 

ജീവനൊടുക്കിയ പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. 'ഭൂമിയിൽ സുരക്ഷിതമായ രണ്ടിടങ്ങൾ മാത്രം, ഒന്ന് അമ്മയുടെ ഗർഭപാത്രവും പിന്നെ സ്വന്തം കുഴിമാടവും ആണ്'- കുട്ടി കത്തിൽ കുറിക്കുന്നു. മകൾ നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറയുന്നു.

ഒമ്പതാം ക്ലാസ് വരെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. ഇവിടെ വച്ച് സ്കൂളിലെ ടീച്ചറുടെ മകൻ കുട്ടിയെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുട്ടി പരാതി പറഞ്ഞതോടെ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയായിരുന്നു. തുടർന്നും പീഡനത്തിന് ഇരയായെന്ന സൂചനയാണ് പെൺകുട്ടിയുടെ കുറിപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. വീട്ടിൽ തിരിച്ചെത്തിയ അമ്മ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.