Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ ഒരു മാസത്തിൽ അഞ്ച് കൊല, കാരണങ്ങൾ മദ്യ-രാസ ലഹരികൾ മുതൽ ഇൻസ്റ്റഗ്രാം പോസ്റ്റ് വരെ

നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കഴിഞ്ഞ ഒരു  മാസത്തിനുള്ളിൽ അഞ്ച് കൊലപാതകങ്ങളാണ് നഗരപരിധിയിൽ മാത്രം നടന്നത്

last one month  five murders have taken place in kochi
Author
First Published Sep 11, 2022, 12:27 AM IST

കൊച്ചി: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കഴിഞ്ഞ ഒരു  മാസത്തിനുള്ളിൽ അഞ്ച് കൊലപാതകങ്ങളാണ് നഗരപരിധിയിൽ മാത്രം നടന്നത്. മുൻവൈരാഗ്യമുള്ള രണ്ട് സംഘങ്ങൾ തമ്മിലെ അടിപിടിയാണ് ഇന്ന് കലൂരിൽ കൊലപാതകത്തിലെത്തിയത്. ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 മുതൽ ഇന്ന് വരെ ദിവസങ്ങളുടെ ഇടവേളകളിലാണ് അഞ്ച് കൊലപാതകങ്ങൾ നടന്നത്. അതും നഗരമധ്യത്തിൽ വെച്ച്. ടൗൺ ഹാൾ പരിസരത്ത് വെച്ചാണ് ആദ്യത്തെ സംഭവം. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മൂന്ന് ദിവസത്തിന് ശേഷം സൗത്ത് പാലത്തിന് സമീപം വരാപ്പുഴ സ്വദേശി കൊലപ്പെട്ടു. മദ്യലഹരിയിലായിരുന്നു കൊല. ദിവസങ്ങൾ കഴിയും മുൻപെ കാക്കനാട്ടെ ഫ്ലാറ്റിൽ അതിക്രൂരമായ കൊലപാതകം. കാരണം രാസലഹരി ഇടപാടും. 

യുവതിയുമായുള്ള ബന്ധത്തെ ചൊല്ലി ആണ് കഴിഞ്ഞ 28ന് നെട്ടൂരിൽ കൊലപാതകം നടന്നത്. ഇന്ന് കലൂരിൽ നടന്ന കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം. പുലർച്ചെ ഒന്നരമണിക്കാണ് സംഘർഷമുണ്ടായത്. തമ്മനം സ്വദേശി സജുനാണ് കൊലപ്പെട്ടത്. നഗരമധ്യത്തിലുള്ള കലൂർ ചമ്മണി റോഡിലാണ് സംഭവം.  പ്രതി കിരൺ ആന്‍റണിയുടെ വീടിന് തൊട്ടടുത്താണിത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്ന രണ്ട് സംഘങ്ങളിൽ പെട്ടവരാണ് ഇവർ. എന്നാൽ ഇന്നലെ കിരണിന്‍റെ സഹോദരൻ കെവിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഇത് ചോദ്യം ചെയ്യാനായി സജുനും സുഹൃത്തുക്കളും എത്തിയതോടെയാണ് സംഘഷമുണ്ടായത്.കൊലപാതകത്തിനിടെ പരിക്കേറ്റ കിരണും ആശുപത്രിയിൽ ചികിത്സയിലാണ്.  

Read more: പത്ത് മാസം മുമ്പ് വിവാഹം, രണ്ടാഴ്ചത്തെ പിണക്കം മാറി തിരിച്ചെത്തി, അടുത്ത ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ

സുഹൃത്തുക്കൾ തമ്മിലെ പണമിടപാടുമായി ബന്ധപ്പെട്ട ഇരുവരും തമ്മിൽ രണ്ട് വർഷത്തിലധികമായി പ്രശ്നങ്ങളുണ്ട്.ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇതിനെ സംബന്ധിച്ച കേസ് നിലനിൽക്കെയാണ് കൊലപാതകം. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് സൂചനകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.  പെട്ടെന്നുള്ള പ്രകോപനമാണ് പല കൊലപാതകങ്ങളിലേക്കും നയിക്കുന്ന കാരണങ്ങൾ. മദ്യമോ, രാസലഹരിയോ ആണ് ഇതിന് കൂടുതൽ സാഹചര്യമൊരുക്കുന്നതും. 

Follow Us:
Download App:
  • android
  • ios