മുബൈ: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്  അറിയിച്ചു. ദേണ്ടി ബസാർ ജം​ഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. 

ഈ ദമ്പതികൾ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ദേഷ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇയാൾ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോൾത്തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഡോക്ടേഴ്സ് മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. അറസ്റ്റിലായ പ്രതിക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്.