മലപ്പുറം: അനധികൃത മദ്യ വില്‍പ്പനക്കിടെ മലപ്പുറം താനൂരില്‍ ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. താനൂര്‍ സ്വദേശി വലിയവീട്ടില്‍ ഗിരീഷിന്‍റെ വീട്ടില്‍ നിന്ന് നാല്‍പ്പതു ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു.

ലോക്ക് ഡൌണിനെ തുടര്‍ന്ന് ബെവ്ക്കോ ഔട്ട്‍ ലെറ്റുകളടക്കമുള്ള മദ്യഷോപ്പുകളൊക്കെ അടച്ചിട്ടും താനൂരില്‍ മദ്യം ആവശ്യക്കാര്‍ക്ക് സുലഭമായി കിട്ടിയിരുന്നു. ഇതെവിടെനിന്നാണെന്ന അന്വേഷണമാണ് പൊലീസിനെ ഗിരീഷിന്‍റെ വീട്ടിലെത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്ന് പ്രത്യേകം അറയുണ്ടാക്കി മദ്യം സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെത്തി.

Read more: കള്ളവാറ്റുകാരെ പൊക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ 'റെയ്ഡ്'; നൂറ് ലിറ്റര്‍ വാഷ് കണ്ടെത്തി

ബെവ്കോ ഔട്ട് ലെറ്റുകളില്‍ നിന്ന് മദ്യം പലതവണ വാങ്ങി ശേഖരിച്ച് ലോക്ക് ഡൌണായതോടെ വൻ വിലക്ക് വില്‍ക്കുകയായിരുന്നു ഗിരീഷ് ചെയ്തിരുന്നത്. നേരത്തെയും നിരവധി അബ്ക്കാരി കേസുകളില്‍ ഗിരീഷ് പ്രതിയായിട്ടുണ്ട്. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഗിരീഷിനെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.

Read more: ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന