Asianet News MalayalamAsianet News Malayalam

'കൂറുമറാതിരിക്കാൻ പണം ചോദിച്ചു' പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി

അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്‍റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ് മധുവിന്റെ സഹോദരി സരസു. 

Madhus family in Attapadi says that the witnesses are demanding money
Author
Kerala, First Published Jul 19, 2022, 12:34 AM IST

പാലക്കാട്: അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്‍റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ് മധുവിന്റെ സഹോദരി സരസു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു.  സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള  ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. തുടർച്ചയായി മൂന്ന് സാക്ഷികളാണ് കൂറുമാറിയത്.  പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചർ അനിൽകുമാറാണ് ഇന്ന് മൊഴിമാറ്റിയത്. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി.

മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു. പതിമൂന്നാംസാക്ഷിയ സുരേഷിനെ ഇന്ന് വിസ്തരിക്കും.

പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നലെയാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു  കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 

Read more: അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി; ആദ്യമൊഴി പൊലീസിന്‍റെ നിർബന്ധ പ്രകാരമെന്ന് 12-ാം സാക്ഷി

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ കോടതി നിർദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. 

Read more:  അട്ടപ്പാടി മധു കേസ്; സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്, കുടുംബത്തിനും സംരക്ഷണം

പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും  ഈ സാഹചര്യത്തിൽ അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയുയെും സഹോദരിയുടെയും ആവശ്യം.  ഇതിന് പിന്നാലെയാണ് സി രാജേന്ദ്രൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചത്. 

Follow Us:
Download App:
  • android
  • ios