ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നാല് വയസ്സുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

62കാരനായ, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ ധരംദാസ്, ഭാര്യ പൂന, മകന്‍  മനോഹര്‍, മരുമകള്‍ സൊനം, പേരമകന്‍ എന്നിവരാണ് മരിച്ചത്. സൊനത്തിന്റെയും കുഞ്ഞിന്റെയും ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. ഇവരെ വീടിനുപുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 

പൊലീസിന്റെ നിഗമനത്തില്‍ സംഭവം ആത്മഹത്യയാണ്. എന്നാല്‍ മൃതദേഹത്തിലെ മുറിപ്പാടുകള്‍ ദുരൂഹമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് എത്തുമ്പോള്‍ മുന്‍വശത്തെ പ്രധാന വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു.