മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗം ചെയ്യുന്നത്. മെയ് 13 ന് പരാതിയുമായി പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ മഡിവാള പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല,

ബെം​ഗളൂരു: ബെംഗളൂരു മഡിവാളയിൽ സുഹൃത്തുക്കളുടെ താമസ സ്ഥലത്ത് വച്ച് മലയാളി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ഹൈനസ് പിടിയിൽ. കേരളത്തിലേക്ക് രക്ഷപ്പെട്ട ഹൈനസിനെ വയനാട്ടിൽ നിന്നാണ് പിടികൂടിയത് എന്നാണ് സൂചന. പ്രതിയെ ബെംഗളൂരുവിൽ എത്തിച്ചു. ഇതിനിടെ പെൺകുട്ടിയുടെ പരാതി രേഖപ്പെടുത്താൻ വിസമ്മതിക്കുകയും കന്യകാത്വം ചോദ്യം ചെയ്യുകയും ചെയ്ത മഡിവാള എസ്ഐ അരുൺകുമാറിനെതിരെ വകുപ്പുതല നടപടി തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറെ ചർച്ചയാകുകയും കർണാടക പൊലീസിന് നാണക്കേട് ഉണ്ടാകുകയും ചെയ്ത മഡിവാള ബലാത്സംഗക്കേസിൽ 11 ദിവസങ്ങൾക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. കണ്ണൂരിലും വയനാട്ടിലും വേരുകൾ ഉള്ള ഹൈനസിനെ ക‍‍ർണാടക പൊലീസിന്റെ രണ്ടംഗ സംഘമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കസ്റ്റഡിയിൽ എടുത്തതായി സൂചനകൾ ഉണ്ടെങ്കിലും ഇന്നലെയാണ് അറസ്റ്റ് റെക്കോർഡ് ചെയ്തത്. ട്രാൻസിറ്റ് വാറണ്ട് മുഖേന ബെംഗളൂരുവിൽ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മഡിവാള പൊലീസ് ഒതുക്കിത്തീർത്ത കേസ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതി കേരളത്തിലേക്ക് മുങ്ങിയത്. 

ബെംഗളൂരുവിൽ പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്ന പെൺകുട്ടി മെയ് 12ന് സുഹൃത്തുക്കളുടെ താമസ സ്ഥലത്തെത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് വിശ്വസ്തനായി നടിച്ചിരുന്ന ബ്രോക്കർ കൂടിയായ ഹൈനസ് ഇരുപതുകാരിയെ പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയിൽ നിന്ന് പരാതിയെടുക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നു പൊലീസ്. തുടർന്ന് മാധ്യമങ്ങളുടെ ഇടപെടലുണ്ടായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേസ് ആഡുഗോഡി സ്റ്റേഷനിലേക്ക് മാറ്റുകയും പെൺകുട്ടിയിൽ നിന്ന് പുതിയ പരാതി വാങ്ങി മറ്റൊരു എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 

പ്രതിയുടെ അറസ്റ്റിന് പിന്നാലെ നടപടികളിൽ വീഴ്ച വരുത്തിയ മഡിവാള സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും തുടങ്ങിയിട്ടുണ്ട്. പെൺകുട്ടിയുടെ കന്യകാത്വം ചോദ്യം ചെയ്ത SI അരുൺകുമാറിനെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ പരാതി പറയാനെത്തിയ പെൺകുട്ടിയെ ഹണി ട്രാപ്പ് കേസിൽപ്പെടുത്താൻ ഹീനമായ ശ്രമങ്ങൾ നടന്നെന്ന വിവരങ്ങളും ഇന്ന് പുറത്തുവന്നു. പുതിയ എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ 164 മൊഴി രേഖപ്പെടുത്താനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

മഡിവാള ബലാത്സംഗ കേസ്; പ്രതി ഹൈനസ് അറസ്റ്റിൽ | Bengaluru | Arrest