കൊച്ചി: ഓണസദ്യയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥികൾ ഹോട്ടൽ അടിച്ചുതകർത്തതായി പരാതി. എറണാകുളം എസ് ആർ എം റോഡിൽ വനിതകൾ നടത്തുന്ന കൊതിയൻസ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ഏഴ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് എറണാകുളം എസ് ആർ എം റോഡിൽ പ്രവർത്തിക്കുന്ന കൊതിയൻസ് ഹോട്ടലിന് നേരെ വിദ്യാർത്ഥി സംഘം ആക്രമണം നടത്തിയത്. മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേർക്കുള്ള സദ്യയ്ക്ക് വിദ്യാർത്ഥികൾ ഓർഡർ നൽകിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാർ കോളേജിൽ എത്തിച്ചും നൽകി. എന്നാൽ തയ്യാറാക്കി നൽകിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാർത്ഥികൾ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുൻകൂറായി നൽകിയ ഇരുപതിനായിരം രൂപയും ഇവർ ബലമായി കൈക്കലാക്കി. 

മഹാരാജാസ് കോളേജിലെ എഎസ്എഫ്ഐ പ്രവർത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികൾ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങൾ തിരികെ നൽകാനും വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്ന് ഹോട്ടലുടമ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ വിദ്യാർത്ഥികളിൽ എസ്എഫ്ഐ പ്രവർത്തകരില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.