എഫ്ബിയിൽ പരിചയം, ബിസിനസിന് വിളിച്ചുവരുത്തി, ബിവാഡിയിൽ മലയാളികളെ തോക്കിൽ മുനയിൽ ബന്ദികളാക്കി; ലക്ഷങ്ങൾ കവർന്നു
ഗുണ്ടാസംഘത്തെ നേരത്തെ നീരീക്ഷിച്ചിരുന്ന പൊലീസ് ഇവരെ തിരിഞ്ഞ് ഫാം ഹൌസിൽ എത്തിയതോടെ മലയാളികളെ ഉപേക്ഷിച്ച് ആക്രമിസംഘം കടന്നു കളയുകയായിരുന്നു. ഇതുകൊണ്ട് മാത്രമാകും ജീവൻ രക്ഷപ്പെട്ടതെന്നാണ് അക്രമത്തിന് ഇരയായ മലയാളികൾ പറയുന്നത്

ജയ്പൂർ: രാജസ്ഥാനിലെ ബിവാഡിയിൽ മലയാളികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി വൻ കവർച്ച. ബിസിനസ് ആവശ്യത്തിനായി വിളിച്ചുവരുത്തിയ ഇടുക്കി സ്വദേശികളെയാണ് ബന്ദികളാക്കി പണം കവർന്നത്. തോക്കിന് മുനയിൽ നിർത്തി നാല് ലക്ഷം രൂപയും മൊബൈൽ ഫോണുമടക്കം കവർന്നെന്നാണ് പരാതി. പൊലീസ് ഇടപെടൽ കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് അതിക്രമത്തിന് ഇരയായ മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ടയർ ബിസിനസിനായി രാജസ്ഥാനിൽ ഇടപാടുകാരെ കാണാൻ എത്തിയ ഇടുക്കി സ്വദേശികളാണ് കവർച്ച ഇരയായത്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെയാണ് ടയർ വിൽപനയ്ക്കായുള്ള പരസ്യം ചെയ്തവരെ ഇടുക്കി സ്വദേശികൾ പരിചയപ്പെടുന്നത്. ഒരു മാസത്തിലേറെയായി ഇവരുമായി സംസാരിച്ച ശേഷമാണ് നേരിട്ട് കാണാൻ ബിവാഡിക്ക് ക്ഷണിക്കുന്നത്. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ എത്തി. ഇവരെ കൊണ്ടു പോകാൻ അക്രമി സംഘം കാറുമായെത്തി. ചതി മനസിലാക്കാൻ കഴിയാതെ മലയാളികൾ ഇവർക്കൊപ്പം യാത്ര തുടങ്ങി. പിന്നീടാണ് ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. തോക്കിൻ മുനിയിൽ നിർത്തി ബാങ്ക് ട്രാൻസ്ഫർ വഴി അക്രമി സംഘം പണം തട്ടുകയായിരുന്നു.
ബിവാഡിയിലെ ഫാം ഹൌസിൽ മണിക്കൂറുകൾ തോക്കിന്‍ മുനയില്‍ മലയാളികളെ നിർത്തിയ സംഘം മൊബൈൽ ബാങ്കിംഗ് വഴി നാല് ലക്ഷം രൂപ അവരുടെ അക്കൌണ്ടുകളിലേക്ക് മാറ്റിയതായി അതിക്രമത്തിന് ഇരയായവർ വ്യക്തമാക്കി. എന്നാൽ ഗുണ്ടാസംഘത്തെ നേരത്തെ നീരീക്ഷിച്ചിരുന്ന പൊലീസ് ഇവരെ തിരിഞ്ഞ് ഫാം ഹൌസിൽ എത്തിയതോടെ മലയാളികളെ ഉപേക്ഷിച്ച് ആക്രമിസംഘം കടന്നു കളയുകയായിരുന്നു. ഇതുകൊണ്ട് മാത്രമാകും ജീവൻ രക്ഷപ്പെട്ടതെന്നാണ് അക്രമത്തിന് ഇരയായ മലയാളികൾ പറയുന്നത്. പൊലീസ് സംരക്ഷണത്തിൽ ഒരു രാത്രി കഴിഞ്ഞ ഇവർ ദില്ലിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. തുടർന്ന് മലയാളി സംഘടനകൾ അടക്കം എത്തിയാണ് ഇവരെ ദില്ലിയിലെത്തിച്ച് നാട്ടിലേക്ക് മടക്കിയച്ചത്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നതായും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസ് പ്രതികരിച്ചു.