ചെന്നൈ: പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കടൽ തീരത്ത് കുഴിച്ചുമൂടി പിതാവ്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വടമരുത്തൂർ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. പിതാവ് ഡി വരദരാജനെ(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുഞ്ഞിനെ ഇഷ്ടമില്ലാത്തതിനാലാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കുഞ്ഞിന്റെ അമ്മ സൗന്ദര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആൺകുഞ്ഞിന് വേണ്ടി ആ​ഗ്രഹിച്ച വരദരാജൻ പെൺകുഞ്ഞിനെ ലഭിച്ചതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കഴാള്ച അമ്മക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. രാത്രി ഒരുമണിക്ക് ഉണർന്ന് നോക്കിയപ്പോൾ കുഞ്ഞ് അടുത്തില്ലെന്ന് സൗന്ദര്യക്ക് മനസിലായി. ഇവരുടെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ കുഞ്ഞിനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പിറ്റേ ദിവസം പുലർച്ചെ നദീതീരത്ത് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നദീ തീരത്തുണ്ടായിരുന്ന കാൽപ്പാടുകൾ വരദരാജന്റേതാണെന്ന് സൗന്ദര്യയും ബന്ധുക്കളും തിരിച്ചറിയുകയും ചെയ്തു. 

പെൺകുഞ്ഞ് ജനിച്ചതിൽ വളരെയധികം അസ്വസ്ഥനായിരുന്നു വരദരാജൻ. കുഞ്ഞിനെ കൊല്ലുമെന്ന് ഇയാൾ ഒരിക്കൽ പരസ്യമായി പറയുകയും ചെയ്തു. ഇതോടെയാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

കുഞ്ഞിനെ കൊല്ലുമെന്ന് വരദരാജൻ സൗന്ദര്യയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി ആവർത്തിച്ചപ്പോൾ കുഞ്ഞിനെയും കൊണ്ട് സൗന്ദര്യ തന്റെ വീട്ടിൽ പോയി. എന്നാൽ കുഞ്ഞിനെ ഉപദ്രവിക്കില്ലെന്ന് വരദരാജൻ സൗന്ദര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പിന്നീട് തിങ്കളാഴ്ച രാവിലെ സൗന്ദര്യ ഭർതൃവീട്ടിൽ തിരിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2018 ഓ​ഗസ്റ്റിലാണ് സൗന്ദര്യയെ വരദരാജൻ വിവാഹം കഴിക്കുന്നത്.