നോയിഡ: ഭാര്യാസഹോദരിയായ 11കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. യുപിയിലെ ഗ്രേറ്റർ നോയിഡ എന്ന സ്ഥലത്താണ് സംഭവം. പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിയുടെ ഭാര്യയാണ് പരാതിക്കാരി. പെൺകുട്ടിയെയും ഭാര്യയെയും കൊല്ലാനായിരുന്നു ഇയാൾ ഉദ്ദേശിച്ചതെന്ന് പൊലീസ് പറഞ്ഞു. കസ്നയിലെ ഒരു കൽവർട്ടിന് സമീപം അവശനിലയിലാണ് 11കാരിയായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

പൊലീസിന്റെ പട്രോളിംഗ് സംഘമാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബോധം വന്ന ശേഷം സഹോദരീ ഭർത്താവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി.  പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും തനിക്ക് ഈ സമയത്ത് ബോധം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.

ഇതിന് ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്ന് പരാതി നൽകി. പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് പട്രോളിംഗ് സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. ഭാര്യയുമായി സ്ഥിരം വഴക്കായതിനാലാണ് ഇരുവരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് വിവരം.