പിടിയിലായ അസീസിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, തട്ടികൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ കേസുകളും  പത്തോളം കഞ്ചാവ് കേസുകളുമുണ്ട്.

മലപ്പുറം: മലപ്പുറം വഴിക്കടവ് വയോധികയെ പറഞ്ഞ് പറ്റിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതി വൻ തട്ടിപ്പുകാരനെന്ന് പൊലീസ്. 70 വയസ്സുള്ള വയോധികയെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവൻ സ്വർണ്ണാഭരണവും 6000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയായ അബ്ദുൾ അസീസ് എന്ന അറബി അസീസ് (40) ആണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. പൂവ്വത്തിപൊയിൽ സ്വദേശിയായ വയോധികയുടെ പരാതിയിലാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അസീസിനെ അറസ്റ്റ് ചെയ്തത്.

പിടിയിലായ അസീസിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, തട്ടികൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ കേസുകളും പത്തോളം കഞ്ചാവ് കേസുകളുമുണ്ട്. സമ്പന്നൻ ആയ അറബിയിൽ നിന്നും സാമ്പത്തിക സഹായം ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വർണ്ണം കവർച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. അറബി കാണുമ്പോൾ സ്വർണ്ണം പാടില്ലന്നു പറഞ്ഞ് സ്ത്രീകളിൽ നിന്നും സ്വർണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും. പല സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് അവരിൽ നിന്നും സ്വർണം തട്ടിയെടുക്കുകയും ചെയ്തതായും പരാതിയുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയിൽ നിന്നും സഹായം ലഭിക്കുമെന്നു പറഞ്ഞ് ഇയാൾ കൊണ്ടുവന്നിരുന്നത്. ഇടക്കാലത്ത് ഈ തട്ടിപ്പ് നിർത്തി ഇയാൾ ലഹരി കച്ചവടത്തിലേക്ക് മാറി. പിന്നീട് ലഹരി വസ്തുക്കളുടെ മൊത്ത കച്ചവട ഇടനിലക്കാരനായി. രണ്ടര കിലോ കഞ്ചാവുമായി അറബി അസീസിനെ കഴിഞ്ഞ വർഷം കൊണ്ടോട്ടി പൊലീസ് പിടികൂടിയിരുന്നു. ഇയാൾ പൊലീസിന്റെ പിടികിട്ടാപുള്ളി പട്ടികയിലെ പ്രമുഖൻ ആണ്. തമിഴ്‌നാട് മധുരയിൽ 20 കിലോ കഞ്ചാവുമായി ഇയാളെ മുൻപ് പിടികൂടിയിരുന്നു. 

ഇയാളെയും കൂട്ടാളിയേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമുണ്ടായി. അസീസിന്‍റെ കീഴിൽ സഹായത്തിനായ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങൾക്ക് ബൈക്കിൽ എസ് കോർട്ടും പൈലറ്റും പോകുന്നത്. ഇവരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

 ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി വൈ എസ്പി ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിൽ വഴിക്കടവ് സി ഐ മനോജ് പറയറ്റ , എസ് ഐ അബൂബക്കർ,എ എസ്‌ഐ അനിൽകുമാർ, എസ് സി പി ഒ രതീഷ് സി പി ഒ മാരായ വിനീഷ്, അലക്‌സ്, അരീക്കോട് സ്‌പെഷ്യൽ ബ്രാഞ്ച് എ എസ് ഐ സുരേഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Read More : നിർത്തിയിട്ട ഹിറ്റാച്ചിയിൽ നിന്നും ബാറ്ററി മോഷ്ടിച്ചു, മറ്റൊരാൾക്ക് മറിച്ച് വിറ്റു; 'ജാക്കി അഖിൽ' പിടിയിൽ