ഹൈദരാബാദ്: ഭാര്യവീട്ടിലെത്തി ബഹളം വച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പൊലീസ് പിടിയിൽ നിന്നും രക്ഷപെട്ടോടിയ യുവാവിനെ വൈകുന്നേരത്തോടെ വീണ്ടും പിടികൂടി.

സായി കിരൺ എന്ന 22 കാരനാണ് ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചതിന് പിടിയിലായത്. സായി കിരണും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകും മുൻപ് ഉടലെടുത്ത പ്രണയബന്ധമായിരുന്നു പിന്നീട് വിവാഹത്തിലെത്തിയത്. എന്നാൽ ദാമ്പത്യം അധികകാലം മുന്നോട്ട് നീങ്ങിയില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ സായി കിരണുമായി പിണങ്ങിയ ഭാര്യ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസമാക്കി. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നതായി ഇവർ കഴിഞ്ഞ വർഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.

ഈ കേസിൽ സായി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഭാര്യയോട് തിരികെ വരണമെന്ന് നിരന്തരം സായി കിരൺ ആവശ്യപ്പെട്ടു. ജൂലൈ ഒൻപതിന് ഭാര്യയെ സായി കിരൺ സ്വന്തം വീട്ടിലേക്ക് കൂടിക്കൊണ്ടുപോയി. എന്നാൽ ഇയാൾക്കൊപ്പം താമസിക്കാൻ താത്‌പര്യം ഇല്ലെന്ന് വ്യക്തമാക്കി വീണ്ടും യുവതി പൊലീസിനെ സമീപിച്ചു. പിന്നീട് സ്വന്തം വീട്ടിലേക്ക് ഇവർ മടങ്ങിപ്പോവുകയും ചെയ്തു. 

ശീതള പാനീയത്തിനൊപ്പം മദ്യം കലർത്തി കുപ്പിയിലാക്കിയ സായി കിരൺ, ഇത് കഴിച്ച്, കരഞ്ഞുകൊണ്ടാണ് ഭാര്യ വീട്ടിൽ ബഹളം വച്ചത്. ഇയാളിവിടെ ബഹളം വച്ചപ്പോൾ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. എന്നാൽ ഇവിടെ നിന്നും ഇയാൾ ഓടിരക്ഷപ്പെട്ടു. 

കഴിഞ്ഞ വർഷം സ്ത്രീധനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയപ്പോൾ പ്രതി ചുവരിൽ തലയിടിച്ച് ബഹളം വച്ചിരുന്നു. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പ്രതിയെ സ്റ്റേഷന് പുറത്താണ് പൊലീസ് ഇരുത്തിയത്. എന്നാൽ ഇവിടെ നിന്നും പൊലീസിനെ കബളിപ്പിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ ഈ മുഴുവൻ സംഭവങ്ങളും റിപ്പോർട്ട് ചെയ്ത ഒരു മാധ്യമസ്ഥാപനത്തിൽ വൈകുന്നേരത്തോടെ എത്തിയ പ്രതി ഇവിടെ ബഹളം വച്ചു. തുടർന്ന് പൊലീസ് ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഭാര്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് വീട്ടിലെത്തിയതല്ലെന്നും ഇദ്ദേഹത്തിന്റെ പക്കൽ കത്തിയോ മറ്റ് ആയുധങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടേത് കുടുംബപ്രശ്നം മാത്രമാണെന്നും അതിനാൽ പ്രതിക്ക് കൗൺസിലിംഗ് ആവശ്യമാണെന്നും തെലങ്കാന പൊലീസ് ഡിജിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.