ഓയൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ആറുമാസത്തിന് ശേഷം കണ്ടെത്തി. കണ്ണൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കണ്ണൂരിലെ ഒരു ലോഡ്ജില്‍ പൂട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലം സ്വദേശിയായ വീട്ടമ്മ ഫേസ്ബുക്ക് വഴിയാണ് പെരിങ്ങോം സ്വദേശി അരുണ്‍ കുമാറിനെ പരിചയപ്പെട്ട് പ്രണയത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 16-ന്  വിദേശത്തുള്ള ഭര്‍ത്താവ്  നാട്ടിലെത്തുമെന്നറിഞ്ഞതിനെ തുടർന്ന് രണ്ടുദിവസംമുമ്പ് മക്കളെ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളുമായി അരുൺകുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. നാട്ടിലെത്തിയ ഭർത്താവ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

വിവാഹിതനായ അരുൺകുമാർ വീട്ടമ്മടോടൊപ്പം വിവിധ സ്ഥലങ്ങളിൽ താമസിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് വീട്ടമ്മയെ ലോഡ്ജിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി പോലീസ് പറഞ്ഞു. അരുണ്‍കുമാറിന്‍റെ ആദ്യ ഭാര്യയെ കണ്ടെത്തി പോലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യഗൃഹത്തില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ ബഹളം വെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിട്ടു.