Asianet News MalayalamAsianet News Malayalam

'ഒഴിഞ്ഞ കെട്ടിടം, നിറയെ ഫ്ലക്സ്'; അധ്യാപകരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

ഒഴിഞ്ഞ കെട്ടിടങ്ങൾ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കി, അവിടെ സ്‌കൂൾ സംബന്ധിയായ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

man arrested for job fraud case in malappuram
Author
Malappuram, First Published Aug 13, 2022, 1:00 AM IST

മലപ്പുറം: സോഷ്യൽ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ തട്ടിപ്പുവീരൻ പിടിയിൽ. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്‌സ മുണ്ടോളത്തിൽ വീട്ടിൽ നൗഫൽ എന്ന നൗഫൽ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒഴിഞ്ഞ കെട്ടിടങ്ങൾ വാടകക്കെടുക്കാൻ ധാരണയുണ്ടാക്കി, അവിടെ സ്‌കൂൾ സംബന്ധിയായ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ്  ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കൽ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അധ്യാപികയില്‍ നിന്നും നൌഫല്‍  35000 രൂപ തട്ടിയെടുത്തിരുന്നു. ചതി മനസിലാക്കിയ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയതോടെയാമ് കുരുക്ക് വീണത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് ഇയാളുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന്  നൌഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയായ യുവതിയും 35000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്പളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനിൽ എത്തി. ഇവരുടെ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.   ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തട്ടിപ്പിനിരയായ ആളുകൾ പോലീസുമായി ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച കൂടുതൽ പരാതികൾ ഉന്നയിക്കപ്പെടും എന്നതാണ് വഴിക്കടവ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പ്രതി വഴിക്കടവ് പുന്നക്കലിലും മമ്പാട് പന്തലിങ്ങലും ഒലിവ് പബ്ലിക് സ്‌കൂൾ, കമ്പളക്കല്ലിൽ ടാലന്റ് പബ്ലിക് സ്‌കൂൾ, മമ്പാട് ഠാണയിൽ മോഡേൺ പബ്ലിക് സ്‌കൂൾ, അമരമ്പലം കൂറ്റമ്പാറയിൽ അൽ ഇർഷാദ് പബ്ലിക് സ്‌കൂൾ, വണ്ടൂർ ഏറിയാട് സഹ്‌റ പബ്ലിക് സ്‌കൂൾ, തിരൂരങ്ങാടിയിൽ ഫജർ പബ്ലിക് സ്‌കൂൾ, മോങ്ങത്ത് ഇസ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് ടിയാൻ സ്‌കൂളുകൾ ആരംഭിച്ച് ആളുകളിൽ നിന്ന് പണം തട്ടിപ്പു നടത്തിയിട്ടുള്ളത്. 35000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൌഫല്‍ വിവിധയാളുകളിൽ നിന്ന് പണം കൈപ്പറ്റിയതായി  വിവരം കിട്ടിയിട്ടുണ്ട്.

സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത ശേഷം വിദ്യാർത്ഥികളെ സ്‌കൂളിൽ ചേർക്കാൻ അധ്യാപകരെത്തന്നെ ഏല്പിക്കുകയും ഫീസ് വാങ്ങി സ്വയം ശമ്പളം എടുത്തോളാൻ പറയുകയുമാണ് ഇയാളുടെ രീതി. ഇരുപതിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് ഇയാളുടെ മിക്ക സ്‌കൂളിലും ചേർന്നിട്ടുള്ളത്. ഇത്തരം തട്ടിപ്പിനിരയായ ആളുകൾ ഉടനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും, പരാതിക്കാരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ, എസ് ഐ അജയകുമാർ ടി, എ എസ്‌ഐ മനോജ് കെ, എസ് സി.പി ഒ ഷീബ പി സി, സി പി ഒമാരായ അഭിലാഷ് കൈപ്പിനി, നിബിൻ ദാസ് ടി, ജിയോ ജേക്കബ്, സി എം റിയാസലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്. പ്രതിയെ നാളെ മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ടേറ്റ് കോടതി മുമ്പാകെ  ഹാജരാക്കും.

Follow Us:
Download App:
  • android
  • ios