ഇക്കഴിഞ്ഞ 25ന് വർക്കല സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് വീട്ടുകാർ വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

തിരുവനന്തപുരം: 17 വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ. വെട്ടൂർ വെന്നിക്കോട് കോട്ടുവിള വീട്ടിൽ അനീഷ് എന്നു വിളിക്കുന്ന അരുൺകുമാർ ( 28 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 25ന് വർക്കല സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് വീട്ടുകാർ വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐ പി എസിന്‍റെ നിർദ്ദേശാനുസരണം വർക്കല ഡി വൈ എസ് പി പി. നിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വർക്കല എസ് എച് ഒ സനോജ് എസ് അന്വേഷിക്കുന്ന കേസിൽ സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, എസ് സി പി ഓ മാരായ സുര ഹേമ, ഷിജു, സി പി ഓ മാരായ പ്രശാന്തകുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മുപ്പതാം വയസിൽ ലോറി ഇടിച്ച് തഹസിൽദാറെ കൊല്ലാൻ നോക്കി, ശേഷം ഒളിവിൽ; 15 വർഷം ആരുമറിയാതെ ജീവിതം, ഒടുവിൽ പിടിയിൽ

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത അരീക്കോട് അനധികൃത മണല്‍കടത്ത് തടയുന്നതിനിടയില്‍ മുന്‍ ഏറനാട് തഹസില്‍ദാരെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായെന്നതാണ്. കോഴിക്കോട് പെരിങ്ങളം സ്വദേശി പുള്ളത്ത് കണ്ടി നൗഫല്‍ ( 45 ) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2007 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പത്തനാപുരം പള്ളിപ്പടിയില്‍ വെച്ച് അനധികൃത മണലുമായി പോകുന്ന ലോറി പിടികൂടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി ലോറിയിടിച്ച് തഹസില്‍ദാരെയും കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നക്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലുശ്ശേരിയില്‍ വെച്ച് വെള്ളിയാഴ്ച പിടികൂടിയത്.