ലക്നൗ: ആറുവയസുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധയിടങ്ങളിൽ കുഴിച്ചിട്ട കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. റാം സവ്രെ യാദവ് എന്നായാളാണ് പിടിയിലായത്. ഫരീദ് സൂരജ് യാദവ് എന്ന ആറുവയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ റാം സവ്രെയുടെ സഹോദരന്‍ നന്‍ഹെയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിയിൽ നവംബർ 19നാണ് സംഭവം.

ഈയടുത്താണ് ഫരീദിന്റെ അമ്മ ഹിനയെ റാം സാവ്രെ വിവാഹം കഴിച്ചത്. പിന്നീട് ഹീനയെ പ്രീതിപ്പെടുത്താൻ മുൻഭർത്താവ് സൂരജിന്റെ പേര് ഫരീദിന്റെ പേരിനൊപ്പം ചേർക്കുകയായിരുന്നു. എന്നാല്‍, റാമിനും നന്‍ഹെയ്ക്കും സൂരജിനെ ഇഷ്ടമില്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സൂരജിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബഹ്‌റൈച്ചിയിലെ ബൈൻസിയ എന്ന പ്രദേശത്തെ വിവിധയിടങ്ങളിലാണ് റാമും നന്‍ഹെയും കുഴിച്ചിട്ടത്. കൊലപാതകത്തിന് ശേഷം ഫരീദിനെ കാണാനില്ലെന്നായിരുന്നു റാം അയൽക്കാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നിയ അയൽക്കാർ ഫരീദിനെ റാം അപായപ്പെടുത്തിയതാണെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാമിനെയും നന്‍ഹെയെയും പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രദേശത്തുനിന്നു കുഴിച്ചിട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.