Asianet News MalayalamAsianet News Malayalam

ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു, മരണം പാമ്പുകടിയേറ്റെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നതിന് ശേഷം അമിതേഷ് പാമ്പിനെയും കൊന്നു. തുടര്‍ന്ന് ഭാര്യയുടെ കയ്യില്‍ പാമ്പിന്‍റെ...

man arrested for killing his wife in madhyapradesh
Author
Bhopal, First Published Dec 4, 2019, 8:59 PM IST

ഭോപ്പാല്‍: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് മരണം പാമ്പുകടിയേറ്റെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് 36 കാരന്‍ അമിതേഷ് പട്ടേരിയയെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. 35 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. പാമ്പുകടിയേറ്റാണ് ഭാര്യ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ രാജസ്ഥാനില്‍ നിന്ന് മുര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്നിരുന്നു. 

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് സ്ത്രീ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ ഇയാളുടെ പദ്ധതി പുറംലോകമറിഞ്ഞു. അമിതേഷിന്‍റെ 73കാരനായ പിതാവ് ഓംപ്രകാശ് പട്ടേരിയയെയും സഹോദരി റിച്ച ചതുര്‍വേദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

നവംബര്‍ 30ന് രാത്രിയാണ് കൊലപാതകം നടന്നത്. ഡിസംബര്‍ മൂന്നിന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. അമിതേഷ് ഭാര്യയുടെ മൃതദേഹവുമായി ഞായറാഴ്ച രാവിലെ ആശുപത്രിയിലെത്തുകയും പാമ്പുകടിയേറ്റെന്ന് ഡോക്ടറെ അറിയിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പൊലീസ് വരാന്തയില്‍ ചത്തുകിടക്കുന്ന പാമ്പിനെ കാണുകയും ചെയ്തു. എന്നാല്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

'' പിതാവിന്‍റെയും സഹോദരിയുടെയും സഹായത്തോടെ കുറ്റംകൃത്യം ചെയ്തെന്ന് ചോദ്യം ചെയ്യലില്‍ അമിതേഷ് സമ്മതിച്ചു. സംഭവം നടക്കുന്ന ദിവസം ഇവരുടെ രണ്ട് കുട്ടികളെയും സഹോദരി ഒപ്പം കൂട്ടി. പിതാവ് നേരത്തേതന്നെ വീടുവിട്ട് പുറത്തുപോയി. വീട്ടില്‍ അമിതേഷും ശിവാനിയും മാത്രമാണ് ഉണ്ടായിരുന്നത്. തലയണ ഉപയോഗിച്ച് അമിതേഷ്. ശിവാനിയെ ശ്വാസം മുട്ടിച്ചു. തുടര്‍ന്ന് ചത്ത പാമ്പിന്‍റെ പല്ലുകള്‍ ശിവാനിയുടെ കൈകളിലൊന്നില്‍ പതിപ്പിച്ചു''

രാജസ്ഥാനിലെ ആല്‍വാറില്‍ നിന്ന് 5000 രൂപ നല്‍കിയാണ് അമിതേഷ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ 11 ദിവസം അലമാരയില്‍ സൂക്ഷിച്ചു. ഭാര്യയെ കൊല്ലുന്നതിന് തൊട്ടുമുമ്പോ ശേഷമോ അമിതേഷ് പാമ്പിനെയും കൊന്നു. പുലര്‍ച്ചെ നാല് മണിയോടെ അമിതേഷ് അയല്‍വാസിയായ നിഖില്ർ ഗുപ്തയെ വിളിച്ച് ഭാര്യയെ പാമ്പുകടിച്ചെന്ന് പറ‍ഞ്ഞു. നിഖില്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ കിടക്കയില്‍ കിടന്ന പാമ്പിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തോണ്ടി നിലത്തിട്ട് അടിച്ചുകൊല്ലുന്നതായി അമിതേഷ് അഭിനയിച്ചു. 

നിഖിലിന്‍റെ സഹായത്തോടെ ശിവാനിയെ ആശുപത്രിയിലെത്തിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ സുഖകരമല്ലാത്ത ബന്ധമാണ് കഴിഞ്ഞ നാല് വര്‍ഷമായി നിലനിന്നിരുന്നതെന്നും ഇതിനാലാണ് കൊലപാതകം നടത്തിയതെന്നും അമിതേഷ് പൊലീസിന് മൊഴി നല്‍കി. അമിതേഷിനും പിതാവിനും സഹോദരിയ്ക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. പാമ്പിനെ കൊന്നതിനാല്‍ മൂവര്‍ക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുത്തു. 

Follow Us:
Download App:
  • android
  • ios