മോഷണ ശ്രമം എന്ന് തോന്നിയ കേസിൽ ചോദ്യം ചെയ്യലിലെ അസ്വാഭാവികതയാണ് അറസ്റ്റിലേക്ക് നയിച്ചത്
ദില്ലി: പശ്ചിമ ദില്ലിയിൽ 45കാരിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. തുടക്കത്തിൽ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസിലെ ട്വിസ്റ്റ്. അമ്മയ്ക്ക് താൽപര്യമില്ലാത്ത യുവതിയുമായി ഇഷ്ടത്തിലാണെന്നും യുവതിയെ വിവാഹം ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടതിന് പിന്നാലെ നടന്ന വഴക്കിനിടെ മകൻ 45കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുലോചന എന്ന 45കാരിയെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കയ്യിലേയും കഴുത്തിലേയും ആഭരങ്ങളും കാണാതായിരുന്നു.
പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു പ്രാഥമിക നിരീക്ഷണം. എന്നാൽ വീട്ടിൽ നടന്ന പരിശോധനയിൽ മറ്റ് ബലപ്രയോഗങ്ങൾ ഒന്നും നടന്നതായി കണ്ടെത്താനായിരുന്നില്ല. വീട്ടിലുള്ള മറ്റ് മൂല്യമുള്ള വസ്തുക്കളും നഷ്ടമായിരുന്നില്ല. കിയാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2019ൽ ഭർത്താവ് മരിച്ച 45കാരി വിവാഹിതരല്ലാത്ത രണ്ട് ആൺ മക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവർ രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്യാനായിരുന്നു വിളിച്ചിരുന്നു. ചോദ്യം ചെയ്യലിൽ 22 കാരനായ മകൻറെ മറുപടിയി വിരുദ്ധ സ്വഭാവത്തിലായിരുന്നു.
അടുത്തിടെ സഹോദരൻ കപിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ കുറച്ച് കാലമായി താൻ ഇഷ്ടത്തിലായ യുവതിയുടെ കാര്യം സാവൻ അമ്മയോട് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ രീതിയിൽ ശകാരിക്കുകയും മേലിൽ യുവതിയുടെ പേര് പോലും സംസാരിക്കരുതെന്നും യുവതിയെ വിവാഹം ചെയ്യാൻ ശ്രമിച്ചാൽ സ്വത്തിൽ പോലും അവകാശം നൽകില്ലെന്നും 45കാരി ഭീഷണിപ്പെടുത്തി. ഇതിൽ പ്രകോപിതനായ 22 കാരൻ സുലോചനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു മോഷണം നടന്നതായുള്ള നാടകം.
