ഇൻഡോർ: കുടുംബത്തര്‍ക്കത്തെ തുടർന്ന് ഭാര്യയേയും അമ്മായി അമ്മയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ദ്വാരകപുരിയിലാണ് സംഭവം നടന്നത്. സന്ദീപ് സോണി(30) എന്നയാളാണ് ഭാര്യ നീതു, അമ്മായി അമ്മ പത്മ എന്നിവരെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രിയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. 2016 ലാണ് നീതുവും സന്ദീപും തമ്മിൽ വിവാഹിതരായത്. എന്നാൽ, മകളുടെ ജനനത്തിന് ശേഷം പ്രതി ഭാര്യയെ എല്ലാ ദിവസവും ഉപദ്രവിക്കാൻ തുടങ്ങിയതായി പൊലീസ് പറയുന്നു. നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിൽ മനം മടുത്ത യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയും ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. 

സംഭവ ദിവസം ഭാര്യയുടെ വീട്ടിലെത്തിയ സന്ദീപ് വഴക്കുണ്ടാക്കുകയും നീതുവിനെ കത്തി ഉപയോ​ഗിച്ച് കുത്തുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച പത്മയേയും ഇയാൾ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.