എരൂരിൽ മദ്യലഹരിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാർ ചികിൽസയിലാണ്

കൊല്ലം: എരൂരിൽ മദ്യലഹരിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാർ ചികിൽസയിലാണ്. ഏരൂർ പന്തടിമുകൾ തോലൂർ കിഴക്കേവീട്ടിൽ സാബുവാണ് അയൽവാസിയായ സുരേഷ് കുമാറിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

ഇന്നലെ രാത്രി എട്ട് മണിക്ക് സുരേഷ് കുമാർ കടയിൽ പോയി മടങ്ങവേ മദ്യലഹരിയിലായിരുന്ന സാബു സുരേഷ് കുമാറിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ സുരേഷ് കുമാറിൻ്റെ മുഖത്തു കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

സ്ഥിരമായി സാബു മദ്യപിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.