പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി. കല്ലൂപ്പാറ സ്വദേശി ബസലേൽ മാത്യുവാണ് പൊലീസിന്റെ പിടിയിലായത്. പീഡനക്കേസിന് പുറമെ മോഷണം, പിടിച്ചുപറി, വാഹനമോഷണ കേസുകളിലും പ്രതിയാണ് പിടിയിലായ ബസലേൽ മാത്യു. ഇയാളുടെ അമ്മയുടെ സഹോദരീപുത്രിയാണ് പീഡനത്തിന് ഇരയായത്.

മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടിയെ സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടിയ ശേഷമാണ് പ്രതിയായ ബസലേൽ മാത്യു അമ്മയുടെ സഹോദരീ പുത്രിയെ പീഡിപ്പിച്ചത്. വിവാഹിതനും 5 കുട്ടികളുടെ പിതാവുമാണ് പ്രതി. പെൺകുട്ടിയെ ബസലേല്‍ മാത്യു കടത്തിക്കൊണ്ട് പോയതോടെ തിരുവല്ല പൊലീസ് കേസെടുത്തു. 

ഇതേത്തുടർന്ന് പ്രതി ഒളിവിൽ പോയി. ഈ മാസം ആദ്യം നാട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി. പൊലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ പ്രതി പണമുണ്ടാക്കുന്നതിനായി കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി കോട്ടയം പത്തനംതിട്ട ജില്ലകളിൽ കച്ചവടം നടത്തി വരികയായിരുന്നു. ഇന്നലെ വൈകുന്നേരം ഇയാൾ പെൺകുട്ടിയുമായി കല്ലൂപ്പാറയിലെത്തി ഭാര്യയെ വിളിച്ചു വരുത്തി പെൺകുട്ടിയെ അവർക്കൊപ്പം നിർത്തണമെന്ന് നിർബന്ധിച്ചു. വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ രക്ഷപെട്ടു.

രാത്രി മുഴുവൻ മണിമലയാറ്റിൽ ഒളിച്ചിരുന്ന പ്രതി വസ്ത്രമെടുക്കാനായി വീട്ടിലെത്തിയപ്പോൾ വീണ്ടും പൊലീസെത്തി. പക്ഷേ പ്രതി വീണ്ടും രക്ഷപെട്ടു. പിന്നീട് ഓട്ടോറിക്ഷയിൽ ചങ്ങനാശേരിയിലേക്ക് കടക്കുന്നതിനിടെ ഇയാൾ പൊലീസ് പിടിയിലാവുകയായിരുന്നു. മാത്യുവിന്‍റെ നിർബന്ധത്തിന് വഴങ്ങി തന്നെ പീഡിപ്പിച്ചത് മറ്റൊരാളാണെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് കള്ളമാണെന്ന് തെളിഞ്ഞു. പ്രതിക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു. പിടിയിലായെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.