നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡനം; അയൽക്കാരനെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്
കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി പോലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു
ദില്ലി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നാലു വയസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ അയല്‍ക്കാരെ പോലീസ് ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു. നാലുവയസുകാരിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തിന് സമീപത്തു തന്നെ കഴിയുന്ന 40കാരനാണ് പ്രതിയെന്നും ഇയാളെ രാത്രിയില്‍ നടത്തിയ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയതെന്നും ജെവാര്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അയല്‍വാസിയായതിനാല്‍ തന്നെ പെണ്‍കുട്ടിയെ പ്രതിക്ക് പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായശേഷം പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്നും വീട്ടില്‍വെച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.സംഭവത്തില്‍ പീഡനത്തിനും പോക്സോ നിയമപ്രകാരവുമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പിടികൂടാന്‍ ഒന്നിലധികം പോലീസ് സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് അഡീഷനല്‍ ഡിസിപി അശോക് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ പ്രതിയായ 40കാരന്‍ വൃക്ഷത്തോട്ടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലം വളയുകയായിരുന്നു. തുടര്‍ന്ന് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി പോലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സ്വയരക്ഷക്കായി പോലീസുകാരും തിരിച്ചു വെടിയുതിര്‍ത്തു. വെടിയേറ്റ പ്രതിയുടെ കാലിന് പരിക്കേറ്റു. കസ്റ്റഡിയിലെടുത്തശേഷം ചികിത്സക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും തുടര്‍നിയമനടപടികള്‍ സ്വീകരിക്കുമെന്നും അശോക് കുമാര്‍ പറഞ്ഞു.
ഇതിനിടെ, ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ ആദ്യമാണ് യുപിയെ ഞെട്ടിച്ച പീഡനം നടന്നത്. അയൽവാസികളായ യുവാക്കളാണ് 16 കാരിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. 16 കാരിയായ പെണ്‍കുട്ടിയെ അയൽവാസിയായ യുവാവ് പശുത്തൊഴുത്ത് വൃത്തിയാക്കാനായി സെപ്തംബർ ഒൻപതാം തീയതി വിളിച്ച് വരുത്തുകയായിരുന്നു. ജോലിക്കായെത്തിയ പെണ്‍കുട്ടിയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കുടിലിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. തടഞ്ഞ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെയായിരുന്നു യുവാവിന്‍റെ അതിക്രമണം.