തമിഴ്നാട് ഊട്ടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്. 

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്നാട് വിദ്യാർഥിയെ ലുലുമാളിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഊട്ടിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്. കുട്ടി അലറിവിളിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കെജിഎഫ് 2 സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കന്നഡ നടൻ യാഷ് ലുലുമാളിൽ എത്തിയതിനാൽ വലിയ തിരക്കായിരുന്നു. തിരക്കിനിടയിലാണ് ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തത്. പെൺകുട്ടി പ്രതികരിച്ചതോടെ പൊലീസ് എത്തി. കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി. 

ജയിലറയില്‍ സഹതടവുകാരിയെ ബലാല്‍സംഗം ചെയ്തു; യുവതി കുടുങ്ങി

ജയിലറയില്‍വെച്ച് സഹതടവുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവതി കുടുങ്ങി. തനിക്കൊപ്പം ഒരേ ബെഡില്‍ കിടക്കുകയായിരുന്ന 53-കാരിയായ തടവുകാരിയെ പാതിരാത്രിയില്‍ ബലാല്‍സംഗം ചെയ്ത കേസില്‍ 35-കാരിയായ നിക്കി നിക്കോള്‍ വാക്കര്‍ എന്ന തടവുകാരിയാണ് കുടുങ്ങിയത്. ഇവരെ ഈ മാസം 23-ന് കോടതിയില്‍ ഹാജരാക്കും. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. ലൈംഗിക തൊഴില്‍ അടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ ജയിലറയ്ക്കുള്ളിലായ യുവതിയാണ് തന്നേക്കാള്‍ 18 വയസ്സു മൂത്ത സ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുടുങ്ങിയത്. സമ്മതത്തോടു കൂടിയാണ് താന്‍ സഹതടവുകാരിയുമായി ശാരീരികമായി ബന്ധപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെട്ടുവെങ്കിലും മറ്റ് സഹതടവുകാരികളുടെ മൊഴി പ്രകാരം ഇത് ബലാല്‍സംഗം തന്നെയാണെന്ന് ജയിലധികൃതര്‍ കണ്ടെത്തി. 

അമേരിക്കയിലെ സില്‍വര്‍ഡെയില്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് സംഭവം. തന്നെ സഹതടവുകാരി ബലാല്‍സംഗം ചെയ്തതായാണ് ഒരു തടവുകാരി മാര്‍ച്ച് അവസാനം ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. 

ആക്രമണം, അറസ്റ്റിന് വഴങ്ങാതിരിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക തൊഴില്‍ എന്നീ കുറ്റങ്ങളുടെ പേരിലാണ് പ്രതി നിക്കി ജയിലിലായത്. അതേ സെല്ലിലേക്ക് വന്ന 53 -കാരിയായ തടവുകാരിയാണ് ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ജയിലിലെത്തിയ തടവുകാരി കിടക്ക ഇല്ലാതെ വെറും നിലത്തു കിടന്നപ്പോള്‍ ഇവര്‍ തന്റെ കിടക്കയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ചകളോളം നിക്കിയുടെ കൂടെയാണ് പരാതിക്കാരി കിടന്നുറങ്ങിയത്. അതിനിടെ, മാര്‍ച്ച് 23-ന് പുലര്‍ച്ചെ നാലു മണിക്ക് താന്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ തന്നെ നിക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പരാതിപ്പെട്ടത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത സെല്ലുകളിലെ തടവുകാരികള്‍ ഈ സംഭവം സ്ഥിരീകരിച്ചു. അന്ന് പുലര്‍ച്ചെ ഞെട്ടിയുണര്‍ന്നു വന്ന പരാതിക്കാരി സെല്ലിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് മറ്റ് തടവുകാരെ ഉണര്‍ത്തിയതായി അവര്‍ മൊഴി നല്‍കി. അതേ സമയം, നിക്കി തന്റെ വിജയം ആഘോഷിക്കുന്ന വിധത്തിലാണ് തങ്ങളുടെ മുന്നില്‍ പെരുമാറിയതെന്നും സഹതടവുകാരികള്‍ മൊഴി നല്‍കി. താന്‍ സഹതടവുകാരിയെ ലൈംഗികമായി ഉപയോഗിച്ചതായി നിക്കി അവകാശപ്പെട്ടതായി ഒരു സഹതടവുകാരിയുടെ മൊഴിയില്‍ പറയുന്നു. ''എനിക്കവളെ കിട്ടി'' എന്ന് പറഞ്ഞായിരുന്നു നിക്കിയുടെ വിജയാഹ്ലാദം എന്നാണ് വേറൊരു തടവുകാരി മൊഴി നല്‍കിയത്. 

ഉഭയസമ്മതപ്രകാരമാണ് തങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടത് എന്നാണ് ആദ്യം നിക്കി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍, സഹതടവുകാരികളുടെ മൊഴിയെ തുടര്‍ന്ന് നടന്നത് ബലാല്‍സംഗം തന്നെയാണെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു. തുടര്‍ന്ന്, നിക്കിക്ക് എതിരെ ബലാല്‍സംഗ കുറ്റം ചുമത്തി. കേസ് നടപടികള്‍ തുടര്‍ന്നു വരുന്നതായി അധികൃതര്‍ പറഞ്ഞു. 

282 തടവുകാരികള്‍ക്ക് കഴിയാന്‍ സൗകര്യമുള്ളതാണ് ഈ ജയില്‍. ഇവിടെ നിലവില്‍ 175 തടവുകാരികളാണുള്ളത്. അതിനിടെ, പരാതിക്കാരിയായ തടവുകാരിക്ക് കിടക്കാനുള്ള സൗകര്യം ഇല്ലാതായത് എന്തുകൊണ്ടാണ് എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ജയില്‍ അധികൃതരുടെ അനാസ്ഥ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഇതേ ജയിലിലെ പുരുഷന്‍മാരുടെ സെല്ലില്‍ സമാനമായ രണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നേരത്തെ പരാതി ഉയര്‍ന്നതായി മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.