തിരുവനന്തപുരം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നുവെന്ന് പൊലീസിന് വിവരം കിട്ടി. വീട്ടിലെത്തിയപ്പോൾ കണ്ടത് ചാരായം വാറ്റുന്ന ഭർത്താവിനെ. ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടിയത് കാമുകിയുടെ വീട്ടിൽ നിന്ന്. തിരുവനന്തപുരം മുക്കുവൻതോടാണ് സംഭവകഥ. 

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മുക്കവൻതോടിൽ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നുവെന്ന് സമീപവാസികൾ വിതുര പൊലീസിനെ അറിയിക്കുന്നത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് അടുക്കളയിൽ മദ്യം വാറ്റുന്ന അജീഷിനെ. പൊലീസിനെ കണ്ട അജീഷ് ഓടി രക്ഷപ്പെട്ടു. 

സംഭവസ്ഥലത്ത് നിന്ന് ഒന്നര ലിറ്റർ ചാരായവും 30 ലിറ്റർ കോടയും കണ്ടെടുത്തു. അജീഷിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും കരംകുളത്തുള്ള ഒരു യുവതിയുടെ വീട്ടിൽ അജീഷ് ഉണ്ടാകാനിടയുണ്ടെന്നുമുള്ള വിവരം നൽകിയത് ഭാര്യയാണ്. ഇതിന്റെന അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ കരംകുളത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. 

അജീഷ് ലോക്ഡൗൺ സമയത്ത് മദ്യശാലകൾ അടച്ചിരുന്നപ്പോൾ വൻതോതിൽ ചാരായം വാറ്റിയിരുന്നെന്നും നഗരം കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തിയിരുന്നെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.  പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.