കോഴിക്കോട്: നഗ്നനായെത്തി സ്ത്രീകളോട് അതിക്രമം കാണിക്കുകയും മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി സ്വദശി മുഹമ്മദ് അജ്മലിനെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. കൊവിഡ് 19 ഇളവിൽ ജയിൽ മോചിതനായ പ്രതിയാണ് പുറത്തിറങ്ങി ഒരാഴ്ചക്ക് ശേഷം വീണ്ടും പിടിയിലായത്. കൊയിലാണ്ടിയിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അജ്മൽ കൊവിഡ് 19 ഇളവുകളുടെ ഭാഗമായാണ് ജയിൽ മോചിതനായത്.  

തുടർന്ന് കോഴിക്കോട്ടെത്തിയ പ്രതി  നഗരപരിധിയിലെ വിവിധ ആശുപത്രികളിലും വീടുകളിലും ഹോസ്റ്റലുകളിലും എത്തി സ്ത്രീകളോട് ലൈംഗിക വൈകൃതം കാണിക്കുകയും മോഷണം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കല്ലായിയിലെ ഒരു വീട്ടിൽ കള്ളൻ കയറിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അജ്മൽ പിടിയിലായത്.

പല സ്ഥലങ്ങളിലും ഇയാൾ വിവസ്ത്രനായി എത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിൽ ഏറെക്കാലമായി ഒഴിഞ്ഞ് കിടന്നിരുന്ന വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. പിൻവാതിൽ കുത്തിതുറന്നാണ് വീടിനുള്ളിൽ കയറിയത്.  ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ 24 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റി.