വിജയവാഡ: ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ അച്ഛൻ ചുമരിലടിച്ച് കൊന്നു. 36 കാരനായ ഗുമ്മല്ല ചിന്ന പുല്ലയ്യ എന്നയാളാണ് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ രണ്ടാം ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എട്ട് വർ‌ഷം തടവുശിക്ഷ അനുഭവിച്ചയാളാണ് ഗുമ്മല്ല ചിന്ന പുല്ലയ്യ.

രണ്ടാം ഭാര്യ രമാ ദേവിയുമായി ഉണ്ടായ വഴക്കിനിടെയാണ് ​ഗുമ്മല്ല മകനെ ചുമരിലടിച്ച് കൊന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ കുഞ്ഞ് തൽക്ഷണം മരിക്കുകയായിരുന്നു. തുടർന്ന് രമാദേവിയെ പ്രതി ഉലക്ക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. രമാദേവിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​തലയ്ക്ക് പരിക്കേറ്റ രമാ ദേവി ഒലേ​ഗയിലെ ആർഐഎംഎസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

രമാ ദേവിയെ ഗുമ്മല്ലയ്ക്ക് സംശയമായിരുന്നെന്നും ഇതാണ് ആക്രമണത്തിന് പിന്നില്ലെന്നും ഗിഡ്ഡല്ലൂർ ഇൻസ്പെക്ടർ യു സുധാകർ റാവു പറഞ്ഞു. കൂലിപ്പണിക്കാരനായ ​ഗുമ്മല്ല ആദ്യ ഭാര്യ ലക്ഷമി ദേവിയെ മഴുകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ മേലുള്ള സംശയത്തെത്തുടർന്നായിരുന്നു ഈ കൊലപാതകം. കുറ്റംസമ്മതിച്ച പ്രതിയെ കോടതി എട്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ​ഗുമ്മല്ല രണ്ടുവർഷത്തിന് ശേഷമാണ് കടപ്പ സ്വദേശിയായ രമാദേവിയെ വിവാഹം കഴിച്ചത്. മകൻ ജനിച്ചതോടുകൂടിയാണ് രമാ ദേവിയെ ​ഗുമ്മല്ല സംശയിക്കാനും ആക്രമിക്കാനും തുടങ്ങിയത്. ഞായറാഴ്ച ദമ്പതികൾ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് ​ഗുമ്മല്ല മകനെ കൊല്ലുകയുമായിരുന്നു. സംഭവത്തിൽ ​ഗുമ്മല്ലയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറ‍ഞ്ഞു.