എളങ്കുന്നപ്പുഴ: ഭാര്യയുമായുള്ള കലഹത്തിന്‍റെ പേരില്‍ വാടക വീടിന് തീവച്ച് ഭർത്താവ് സ്ഥലം വിട്ടു. പുതുവൈപ്പ് പി.ജെ. പ്രിൻസസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തിൽ ജയപ്രകാശാണ് വീടിനു തീവച്ചത്. ഒളിവിൽ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കൽ പൊലീസ് പിടികൂടി. മേനാച്ചേരി ശാലിനി ഡോമനിക്കിന്‍റെ വീടാണ് ഇവർ പണയത്തിന് എടുത്തിരുന്നത്. ഇത് ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നൽകി ഒരു വർഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്.

ആ തുക കഴിഞ്ഞദിവസം ജയപ്രകാശിന്റെ ഭാര്യ സ്മിത ശാലിനിയിൽ നിന്നു കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. സ്മിത ഞാറയ്ക്കൽ പൊലീസിൽ  പരാതി നൽകി. 

ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോൾ സ്മിതയോട് അയൽപക്കത്ത് താമസിക്കാൻ പൊലീസ് നിർദേശിച്ചു. ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീയിൽ  ജനൽച്ചില്ലുകളെല്ലാം തകർന്നു.  പുറത്തേക്ക് തീ പടർന്നില്ല.  പൊലീസെത്തിയാണ് തീ കെടുത്തിയത്. ഇവർക്ക് 13ഉം 10ഉം വയസുള്ള രണ്ട് ആൺമക്കളുണ്ട്.