ദില്ലി: വിലയേറിയ വാച്ചുകളും ഐഫോണുകളും അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് വിഭാഗം പിടികൂടി. ഞായറാഴ്ച ദില്ലി വിമാനത്താവളത്തിലാണ് സംഭവം. ഐഫോണുകൾ, റോലക്സ് വാച്ചുകൾ, അഡിഡാസ് ട്രാക്സ്യൂട്ടുകൾ എന്നിവയുമായാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോങ്കോംഗിൽ നിന്ന് ബുധനാഴ്ച എത്തിയ യാത്രക്കാരനെയാണ് എയർ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ 27 ഐഫോൺ, 330 റോലക്സ് വാച്ച്, 20 ട്രാക്‌സ്യൂട്ട് എന്നിവയുണ്ടായിരുന്നു. കസ്റ്റംസ് വിഭാഗം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒക്ടോബർ 2017 നും സെപ്‌തംബർ 2019 നും ഇടയിൽ 85 ലക്ഷം രൂപയുടെ വസ്തുക്കൾ നിയമം ലംഘിച്ച് ഇന്ത്യയിലേക്ക് കടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചു.