പോത്തിന്റെ ജന്മദിനത്തിൽ നാട്ടുകാരെ വിളിച്ചുകൂട്ടി ആഘോഷിക്കുകയായിരുന്നു കിരൺ...

താനെ: മഹാരാഷ്ട്രയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറികടന്ന് പോത്തിന്റെ പിറന്നാളാഘോഷിച്ച ഉടമയ്ക്കെതിരെ കേസ്. 30 കാരനായ കിരൺ മാത്രെയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോത്തിന്റെ ജന്മദിനത്തിൽ നാട്ടുകാരെ വിളിച്ചുകൂട്ടി ആഘോഷിക്കുകയായിരുന്നു കിരൺ.

പരിപാടിയിൽ എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും ലംഘിച്ചതായി പൊലീസ് കണ്ടെത്തി. പരിപാടിക്കെത്തിയവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. വ്യാഴാഴ്ച പരിപാടി കഴി‍ഞ്ഞതിന് പിന്നാലെയെത്തിയ പൊലീസ് കിരണിനെതിരെ കേസെടുത്തു. 

ക്രിമിനൽ നിയമം 269ാം വകുപ്പ് പ്രകാരമാണ് കിരണിനെതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലയിടങ്ങളിലും പ്രാദേശികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. താനെയിലെയും സ്ഥിതി സമാനമാണെന്നിരിക്കെയാണ് നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആഘോഷം.