ബെംഗളൂരു : കാമുകിയെ കുത്തികൊലപ്പെടുത്തിയ ശേഷം പക്ഷാഘാതം വന്ന് കിടപ്പിലായ അവരുടെ ഭർത്താവിനെയും കൗമാരക്കാരിയായ മകളെയും കുത്തി പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗ്ഗ ജില്ലയിലാണ് സംഭവം. ലക്ഷ്മി (36), രംഗഥമയ്യ (35) എന്നിവരാണ് മരിച്ചത് . ലക്ഷ്മിയുടെ ഭർത്താവ് ശിവരാജയും മകളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ചിത്രദുർഗ്ഗയിലെ ഹെഗ്ഗനഹള്ളിയിൽ കഴിഞ്ഞ ചൊവ്വാഴ്ച്യാണ് സംഭവം. രാവിലെ പത്തരയോടെ അയൽക്കാരിയാണ് ലക്ഷ്മിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ശിവരാജയെയും മകളെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. ശിവരാജയുടെ കഴുത്തിനാണ് കുത്തേറ്റത്.

പൊലീസ് എത്തിയതിനു ശേഷമുള്ള പരിശോധനയിൽ രംഗഥമയ്യയെ ശിവരാജയുടെ വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂവരും കൊല്ലപ്പെട്ടെന്നുറപ്പിച്ച് ഇയാൾ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

Read More: മൂന്നു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

ലക്ഷ്മയും രംഗഥമയ്യയുമായി അടുപ്പത്തിലായിരുന്നുവെന്നും ഇതറിഞ്ഞ ഭർത്താവും മകളും വിലക്കിയതിനെ തുടർന്ന് ലക്ഷ്മി രംഗഥമയ്യയെ അവഗണിക്കാൻ തുടങ്ങിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം നടന്നതിന്റെ തലേ ദിവസം രാത്രിയോടെ രംഗഥമയ്യ ഇവരുടെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ നിന്ന് പോലീസിന്  ലഭിച്ചിട്ടുണ്ട്. കുറച്ചുകാലം മുൻപാണ് ഇയാളുടെ ഭാര്യ മരിച്ചത്. ഗാർമെന്റ് ഫാക്ടറിയിൽ ജോലിക്കാരിയാണ് കൊല്ലപ്പെട്ട ലക്ഷ്മി.