ദില്ലി: ദില്ലിയിലെ ഭജൻപുര പ്രദേശത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ മൂന്നുപേർ കുട്ടികളാണെന്ന് പൊലീസ് വ്യക്തമാക്കി. റിക്ഷാ ഡ്രൈവറായ ശംഭു (45), ഭാര്യ അവരുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. 12ഉം 14ഉം  18ഉം വയസ്സുള്ളവരാണ് കുട്ടികളെന്ന് ഡിസിപി (നോർത്ത് ഈസ്റ്റ്) വേദ് പ്രകാശ് സൂര്യ പറഞ്ഞു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് രാവിലെ പതിനൊന്നരയോടെ പൊലീസെത്തിയ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ആറ് ദിവസം മുമ്പ് ഇവർ മരിച്ചതാകാമെന്ന് മൃതദേഹങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വാതിൽ അകത്ത് നിന്നും മറ്റൊന്ന് പുറത്ത് നിന്നും പൂട്ടിയിരിക്കുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മൂന്ന് മൃതശരീരങ്ങൾ ഒരു മുറിയിലും മറ്റ് രണ്ടെണ്ണം അടുത്ത മുറിയിലും എന്ന നിലയിലാണ് കിടന്നിരുന്നത്.  മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.