കൊല്ലം: പുനലൂര്‍- അഞ്ചല്‍ പാതയില്‍ നിര്‍മ്മാണത്തിലിരുന്ന കലുങ്കില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാതയില്‍ മതിയായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തൊളിക്കോട് ഫയര്‍ സ്റ്റേഷന് മുന്നിലെ നിര്‍മ്മാണം നടക്കുന്ന കലുങ്കില്‍ വീണാണ് ബൈക്കില്‍ വരികയായിരുന്ന പ്രവീണിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. ദേശീയപാതയിലെ അഞ്ചല്‍ പുനലൂര്‍ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതും മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം.

കരാറുകാരനെതിരെയും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡും പൊതുമരാമത്ത് ഓഫീസും ഉപരോധിച്ചു.